അമേരിക്കയെ വിറപ്പിച്ച് സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ സമരം; അടിച്ചമർത്താൻ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു
text_fieldsന്യൂയോർക്ക്: അമേരിക്കൻ സൈനിക സഹായത്തോടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസിലെ സർവകലാശാലകളിൽ വിദ്യാർഥികൾ നടത്തുന്ന സമരം ശക്തി പ്രാപിക്കുന്നു. സമരം അടിച്ചമർത്താൻ നൂറുകണക്കിന് വിദ്യാർഥികളെ വിവിധ സർവകലാശാലകളിൽനിന്ന് അറസ്റ്റ് ചെയ്തുനീക്കി. കണ്ണീർവാതകം പ്രയോഗിച്ചും ഷോക്കടിപ്പിച്ചും വിദ്യാർഥികളെ സമരമുഖത്തുനിന്ന് ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമം. എന്നാൽ, ഇതൊന്നും വകവെക്കാതെ കൂടുതൽ സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുകയാണ്.
ബോസ്റ്റൺ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നൂറോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി. ഇൻഡ്യാന സർവകലാശാലയിൽ 23 പേരെ ബ്ലൂമിംഗ്ടൺ പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണ സ്റ്റേറ്റ് സർവകലാശാലയിലെ 69 വിദ്യാർഥികളാണ് അറസ്റ്റിലായത്.
സെന്റ് ലൂയിസിലെ വാഷിങ്ടൺ സർവകലാശാലയിൽ 80 പേരെ അറസ്റ്റ് ചെയ്തു. നിരവധി ഫാക്കൽറ്റി അംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും ബലമായി അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
— Northeastern U. (@Northeastern) April 27, 2024
അതിനിടെ, ഫലസ്തീന് വേണ്ടി സമാധാന പൂർണമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതും അംഗീകരിക്കാനാവില്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരായ വിദ്യാർത്ഥികളെയും അധ്യാപകരെയും നിരുപാധികം വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഏപ്രിൽ 22ന് 70 ഓളം വിദ്യാർഥികൾ ചേർന്ന് കാമ്പസിന് പുറത്ത് തമ്പുകെട്ടി തുടക്കമിട്ട പ്രക്ഷോഭമാണ് നൂറിലേറെ സർവകലാശാല കാമ്പസുകളിലേക്ക് വ്യാപിച്ചത്. കൊളംബിയയിൽ ഫലസ്തീൻ അനുകൂല സമരം നടത്തിയ നൂറിലധികംപേരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമെ യേൽ യൂണിവേഴ്സിറ്റി, സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി, വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി, മിനസോട്ട യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നും കഴിഞ്ഞ 10 ദിവസത്തിനിടെ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചിലരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നടപടിക്കു പുറമെയാണ് സർവകലാശാല അധികൃതർ സസ്പെൻഷൻ, പുറത്താക്കൽ ഉൾപ്പെടെ നടപടികളിലൂടെ സമരത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്. ചില സർവകലാശാലകളിൽ സമരം മൂലം ബിരുദദാന ചടങ്ങുകൾ റദ്ദാക്കിയിരുന്നു.
ഫലസ്തീൻ പതാകയും ഫലസ്തീൻ ദേശീയതയുടെ പ്രതീകമായ കഫിയ്യയും അണിഞ്ഞ് വിദ്യാർഥികൾ കാമ്പസുകളിൽ തമ്പുകെട്ടി താമസിച്ചാണ് സമരം ചെയ്യുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭം നടക്കുന്നുണ്ട്. കാനഡയിലെ ആദ്യ ഫലസ്തീൻ അനുകൂല കാമ്പസ് സമരം ശനിയാഴ്ച മക്ഗിൽ സർവകലാശാലയിൽ നടന്നു.
പ്രതിഷേധം നടക്കുന്ന യു.എസ് സർവകലാശാല കാമ്പസുകൾ
⊿ അർകാറ്റ (സ്റ്റേറ്റ് പോളിടെക്നിക് സർവകലാശാല)
⊿ സാൻ ഫ്രാൻസിസ്കോ (യു.സി ബെർകിലി സർവകലാശാല)
⊿ ആൽബുക്കർക് (ന്യൂ മെക്സിക്കോ സർവകലാശാല)
⊿ ഡാളസ് (ടെക്സസ് സർവകലാശാല)
⊿ ആർലിങ്ടൺ (ആർലിങ്ടൺ സർവകലാശാല)
⊿ ഓസ്റ്റിൻ (ടെക്സസ് സർവകലാശാല)
⊿ സാൻ അന്റോണിയോ (ടെക്സസ് സർവകലാശാല)
⊿ ഹ്യൂസ്റ്റൻ (റൈസ് സർവകലാശാല)
⊿ സെന്റ് ലൂയിസ് (വാഷിങ്ടൺ സർവകലാശാല)
⊿ നാഷവിലെ-ഡേവിഡ്സൺ (വാണ്ടർബിൽറ്റ്)
⊿ അറ്റ്ലാന്റ (ഇമോറി സർവകലാശാല)
⊿ ചാർലോറ്റി, നോർത്ത് കാരലീന (യു.എൻ.സി ചാർലോറ്റി)
⊿ മിനിയപോളിസ് (മിനിസോട സർവകലാശാല)
⊿ ബ്ലൂമിങ്ടൺ (ഇൻഡ്യാന സർവകലാശാല, ബ്ലൂമിങ്ടൺ)
⊿ കുക്ക് കൗണ്ടി (നോർത്ത് വെസ്റ്റേൺ സർവകലാശാല)
⊿ ചാപ്പൽ ഹിൽ (യു.എൻ.സി ചാപ്പൽ ഹിൽ)
⊿ കൊളംബസ് (ഒഹായോ സ്റ്റേറ്റ് സർവകലാശാല)
⊿ വാഷിങ്ടൺ (അമേരിക്കൻ സർവകലാശാല)
⊿ ജോർജ്ടൗൺ (ജോർജ് വാഷിങ്ടൺ സർവകലാശാല)
⊿ ബാൾട്ടിമോർ, മേരിലാൻഡ് (യു.എം.ബി.സി)
⊿ പിറ്റ്സ്ബർഗ് (പിറ്റ്സ്ബർഗ് സർവകലാശാല)
⊿ ആൻ ആർബർ (മിഷിഗൺ സർവകലാശാല)
⊿ ഈസ്റ്റ് ലാൻസിങ് (മിഷിഗൺ ലാൻസിങ് കാമ്പസ്)
⊿ ഫിലഡെൽഫിയ (പെൻസൽവേനിയ സർവകലാശാല)
⊿ പ്രിൻസ്ടൗൺ (പ്രിൻസ്ടൗൺ സർവകലാശാല)
⊿ ന്യൂയോർക് (ദി ന്യൂ സ്കൂൾ)
⊿ കൊളംബിയ സർവകലാശാല
⊿ ന്യൂയോർക് സർവകലാശാല
⊿ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
സിറ്റി കോളജ് ഓഫ് ന്യൂയോർക്
⊿ ഹാർട്ട്ഫോഡ് (യേൽ സർവകലാശാല)
⊿ പ്രൊവിഡൻസ് (ബ്രൗൺ സർവകലാശാല)
⊿ ബോസ്റ്റൺ (ടഫ്റ്റ്സ് സർവകലാശാല)
⊿ എമേഴ്സൻ കോളജ്
⊿ ബോസ്റ്റൺ സർവകലാശാല
⊿ ഹാർവാഡ് സർവകലാശാല
⊿ എം.ഐ.ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.