എൽ. ജി.ബി.ടി.ക്യുവിന്റെ പ്രൈഡ് പരേഡുകൾക്ക് വിലക്കേർപ്പെടുത്തി ഹംഗറി; പങ്കെടുക്കുന്നവരെ ട്രാക്ക് ചെയ്യാൻ സാങ്കേതിക സംവിധാനവും
text_fieldsബുഡാപെസ്റ്റ്: എൽ.ജി.ബി.ടി.ക്യുവിന് തിരിച്ചടിയായി രാജ്യത്ത് പ്രൈഡ് പരേഡുകൾക്ക് വിലക്കേർപ്പെടുത്തുന്ന ബില്ല് പാസാക്കി ഹംഗറി. പരേഡുകളിൽ പങ്കെടുക്കുന്നവരുടെ മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അനുമതിയും അധികാരികൾക്ക് നിയമം നൽകുന്നുണ്ട്.
എൽ. ജി. ബി.റ്റി. ക്യുവിൻറെ അവകാശങ്ങൾ തടയാനുള്ള പ്രധാനമന്ത്രി വിക്ടർ ഓർബൻ എടുത്ത നടപടികളിൽ ഏറ്റവും പുതിയതാണിത്. യൂറോപ്യൻ യൂണിയൻ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്നത്. ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 136 എം പിമാരാണ് വിലക്കിനെ പിന്തുണച്ചത്. 50000ഓളം രൂപയാണ് പ്രൈഡ് പരേഡിൽ പങ്കെടുക്കുന്നവർക്ക് പിഴ നൽകേണ്ടി വരുക. 18 വയസിൽ താഴെയുള്ള കുട്ടികളെ പരേഡിൽ പങ്കെടുപ്പിക്കുന്നതും കുട്ടകൾക്കിടയിൽ സ്വവർഗ ലൈംഗികത പ്രചരിപ്പിക്കുന്നതിനെ എതിർക്കുന്ന ബാല സംരക്ഷണ നിയമ പ്രകാരം ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു.
എന്നാൽ പരേഡ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘാടകർ പ്രതികരിച്ചു. ഗവൺമെന്റിൻറെ ഫാസിസമാണിതെന്ന് അവർ പറഞ്ഞു. ന്യൂന പക്ഷങ്ങളെ അടിച്ചമർത്താനാണ് ഗവൺമെൻറ് ശ്രമിക്കുന്നതെന്നും കൂട്ടിചേർത്തു. ഈ വർഷം ബുഡാപെസ്റ്റ് പ്രൈഡിന്റെ മുപ്പതാം വാർഷികമായതിനാൽ അതിവിപുലമായി ആഘോഷിക്കാനാണ് സംഘാടകർ തീരുമാനിച്ചിരുന്നത്.
നിയമത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി പാർലമെന്റിനു മുന്നിൽ തടിച്ചു കൂടി. പുതിയ നിയമം ഭരണകൂടത്തിന്റെ ഹോമോഫോബിയയും ട്രാന്സ്ഫോബിയയും വിവേചന നിലപാടുമാണ് വെളിവാക്കുന്നതെന്ന് ആംനസ്റ്റി ഇൻർനാഷണൽ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.