പീഡനക്കേസ് പ്രതിക്ക് മാപ്പ് നൽകിയതിൽ തെറ്റുപറ്റി; ഹംഗറി പ്രസിഡന്‍റ് രാജിവെച്ചു
text_fieldsബുഡാപെസ്റ്റ്: കുട്ടികളെ പീഡിപ്പിച്ച കേസിലെ കൂട്ടുപ്രതിക്ക് മാപ്പ് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ ഹംഗറി പ്രസിഡന്‍റ് കാതലിൻ നൊവാക് രാജിവെച്ചു. ശിശുഭവനിലെ ബാലപീഡനക്കേസിൽ കുറ്റം മറച്ചുവെക്കാൻ ശ്രമിച്ച സ്ഥാപനത്തിന്‍റെ ഡെപ്യൂട്ടി ഡയറക്ടർക്ക് കാതലിൻ നൊവാക് മാപ്പ് അനുവദിച്ചിരുന്നു. ഇതിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് രാജി.
'എനിക്ക് തെറ്റുപറ്റി. ഞാൻ പ്രസിഡന്‍റ് എന്ന നിലയിൽ നിങ്ങളെ അഭിസംബോധന ചെയ്യുന്ന അവസാന ദിനമായിരിക്കും ഇന്ന്' -കാതലിൻ നൊവാക് ശനിയാഴ്ച പറഞ്ഞു.
2023 ഏപ്രിലിൽ പോപ് ഫ്രാൻസിസിന്‍റെ സന്ദർശനവേളയിൽ രണ്ട് ഡസനോളം തടവുകാർക്ക് പ്രസിഡന്‍റ് മാപ്പ് നൽകിയിരുന്നു. ഇതിലാണ് ലൈംഗിക പീഡനക്കേസിലെ കൂട്ടുപ്രതിയും ഉൾപ്പെട്ടത്. ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ മുൻ ഡയറക്ടർ പീഡിപ്പിച്ച സംഭവത്തിൽ കുറ്റം മറച്ചുവെക്കാൻ സഹായിച്ച ഡെപ്യൂട്ടി ഡയറക്ടറെയാണ് പ്രസിഡന്‍റ് വെറുതെവിട്ടത്.
ബാലപീഡകരോട് ഒരിക്കലും മാപ്പില്ലെന്ന് പ്രസിഡന്‍റ് നൊവാക് പറഞ്ഞു. ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്‍റും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റുമാണ് കാതലിൻ നൊവാക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.