ക്യൂബയെ തകർത്തെറിഞ്ഞ് 'ഇയാൻ'ചുഴലിക്കാറ്റ്; രണ്ടു മരണം
text_fieldsഹവാന: ഇയാന്‍ ചുഴലിക്കാറ്റില്‍ മരം കടപുഴകിയും വെള്ളപ്പൊക്കത്തിലും ക്യൂബയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പിനാർ ഡെൽ റിയോ, അർട്ടെമിസ, മായാബെക്യു പ്രവിശ്യകളിലാണ് നാശനഷ്ടം കൂടുതൽ.
പിനാർ ഡെൽ റിയോയിൽ വനിതയടക്കം രണ്ടുപേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത കാറ്റില്‍ വൈദ്യുതിത്തൂണുകള്‍ കടപുഴകി രാജ്യമെങ്ങും മുടങ്ങിയ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കൽ പുരോഗമിക്കുകയാണ്. ഫെൽട്ടണിലെയും ന്യൂവിറ്റാസിലെയും രണ്ടു വലിയ വൈദ്യുതിനിലയങ്ങൾ സജീവമാക്കി മൂന്നു പ്രദേശങ്ങളിലെ വൈദ്യുതി പുനഃസ്ഥാപിച്ചതായും മറ്റുള്ളവയെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതായും ഊർജ, ഖനി മന്ത്രാലയം അറിയിച്ചു.
എന്നാൽ, വടക്ക് ഫ്ലോറിഡയിലേക്കു നീങ്ങിയ ചുഴലിക്കാറ്റ് തലസ്ഥാനമായ ഹവാനയിലും പടിഞ്ഞാറൻ ക്യൂബയുടെ മറ്റു ഭാഗങ്ങളിലും ബുധനാഴ്ചയും വൈദ്യുതി മുടക്കി. 1.1 കോടി ആളുകള്‍ ഇരുട്ടിലായതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. 38,000ത്തോളം പേരെ ഒഴിപ്പിക്കുകയും മറ്റുള്ളവർ പ്രദേശത്തുനിന്ന് പലായനം ചെയ്യുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ വീടുകൾക്ക് കേടുപാടുണ്ടായി. മരങ്ങൾ ഒടിഞ്ഞുവീണു. രാജ്യത്തെ പ്രമുഖ പുകയില ഫാമുകളിൽ ചിലത് നശിച്ചു. ക്യൂബയില്‍ കാറ്റഗറി മൂന്നിൽപെട്ട ഇയാൻ ചുഴലിക്കാറ്റ് മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിച്ചത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ ഫ്ലോറിഡയില്‍ താമ്പാ ബേ മേഖലയോട് അടുക്കുന്നതായാണ് പ്രവചനം. മുൻകരുതലായി രണ്ടര ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ സർക്കാർ നിർദേശിച്ചു. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ദുരന്ത പ്രദേശങ്ങള്‍ ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍ സന്ദര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ക്യൂബ ഭക്ഷണ, ഇന്ധനം, മരുന്ന് ക്ഷാമം നേരിടുന്നതിനിടെയാണ് ചുഴലിക്കാറ്റ് ദുരിതം ഇരട്ടിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.