മധ്യ ഫ്ലോറിഡയിൽ ചുഴറ്റിയടിച്ച് ‘മിൽട്ടൺ’; വീടുകൾക്ക് നാശം, വ്യാപകമായി വൈദ്യുതി നിലച്ചു
text_fieldsവാഷിംങ്ടൺ: മധ്യ ഫ്ലോറിഡയിലുടനീളം വൻ നാശനഷ്ടം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. ഏതാനും മണിക്കൂറുകൾ മുമ്പ് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരത്ത് കരകയറിയ കാറ്റ് മാരകമായി വീശുന്നതായാണ് റിപ്പോർട്ട്. വീടുകൾക്ക് നാശമുണ്ടാവുകയും രണ്ടു ദശലക്ഷത്തോളം ഉപഭോക്താൾക്ക് വൈദ്യുതിയില്ലാതാവുകയും ചെയ്തു.
മിൽട്ടൺ കുറഞ്ഞത് 19 അനുബന്ധ ചുഴലിക്കാറ്റുകൾ സൃഷ്ടിച്ചതായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് പറഞ്ഞു. നിരവധി കൗണ്ടികളിൽ നാശനഷ്ടങ്ങൾ വരുത്തി. ഏകദേശം 125 വീടുകൾ നശിപ്പിച്ചു. ഈ സമയത്ത് പൊതുവിടങ്ങളിൽനിന്ന് സുരക്ഷിതമായി ഒഴിഞ്ഞുമാറൽ വളരെ പ്രയാസകരമാണ്. അതിനാൽ ഏതെങ്കിലും സ്ഥലത്ത് അഭയം പ്രാപിക്കുകയും പതുങ്ങിയിരിക്കുകയും വേണമെന്ന് ഡിസാന്‍റിസ് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഫ്ലോറിഡയുടെ കിഴക്കൻ തീരത്തുള്ള ഫോർട്ട് പിയേഴ്സിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസ് സമയം വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. തുടക്കത്തിൽ മണിക്കൂറിൽ 195 കി.മീ. വേഗതയിൽ സിയസ്റ്റ കീക്കിനു സമീപം കാറ്റ് വീശുമെന്ന് യു.എസ് നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചിരുന്നു. തുടർന്ന് കാറ്റിന്റെ വേഗത 165 കി.മീ. ആയി കുറഞ്ഞെങ്കിലും ഇപ്പോഴും അത്യന്തം അപകടകാരിയായി വീശുകയാണ്.
ടമ്പാ, സെന്‍റ് പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങളിൽ ഉൾപ്പെടെ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.സമുദ്രജലം 4 മീറ്റർ വരെ ഉയരുമെന്നാണ് പ്രവചനം.
രണ്ടാഴ്ച മുമ്പ് ഹെലൻ ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനത്ത് രണ്ട് ദശലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. രണ്ട് കൊടുങ്കാറ്റുകളും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ കൊടുങ്കാറ്റിന്റെ പ്രവചന പാതയിൽ താമസിക്കുന്നുണ്ട്.
ഫ്ലോറിഡയിലെ പെട്രോൾ സ്റ്റേഷനുകളിൽ ഏകദേശം നാലിലൊന്ന് ഇന്ധനം ബുധനാഴ്ച ഉച്ചയോടെ തീർന്നു. ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളവും ഭക്ഷണങ്ങളും മറ്റ് സാധനങ്ങളും ഫെഡറൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി അവശ്യപ്രദേശത്തേക്ക് എത്തിച്ചു.
ഹെലൻ അവശേഷിപ്പിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ട്രക്കുകൾ ദിവസത്തിൽ 24 മണിക്കൂറും ഓടിക്കൊണ്ടിരിക്കുകയാണെന്ന് ഡിസാന്‍റിസ് പറഞ്ഞു. വീണ്ടെടുക്കൽ ശ്രമങ്ങളെ സഹായിക്കാൻ 9,000 നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെ ഫ്ലോറിഡയിൽ വിന്യസിച്ചിട്ടുണ്ട്. 50,000 ഇലക്‌ട്രിസിറ്റി ഗ്രിഡ് തൊഴിലാളികളും സന്നദ്ധരായുണ്ട്. കൊടുങ്കാറ്റ് കടന്നുപോയാലുടൻ പുറത്തേക്ക് പോകാൻ തിരച്ചിൽ രക്ഷാസംഘങ്ങൾ തയ്യാറായി നിൽക്കുകയാണ്. അനിവാര്യമെങ്കിൽ ഇവർ രാത്രി മുഴുവൻ പ്രവർത്തിക്കുമെന്നും ഡിസാന്‍റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.