‘മിൽട്ടനു’ പിന്നാലെ ക്യൂബയിൽ ആഞ്ഞടിച്ച് ‘റാഫേൽ’ ചുഴലിക്കാറ്റ്
text_fieldsഹവാന: ‘മിൽട്ടൻ’ ആഞ്ഞടിച്ച് ഒരു മാസത്തിനുള്ളിൽ ക്യൂബയെ ബാധിച്ച് മറ്റൊരു ശക്തമായ കൊടുങ്കാറ്റ്. കാറ്റഗറി 3യിൽ വലിയ ചുഴലിക്കാറ്റായി അടയാളപ്പെടുത്തിയ ‘റാഫേൽ’ ബുധനാഴ്ച ദ്വീപിന്റെ കരതൊട്ടു. കാറ്റിന്റെ വേഗത മണിക്കൂറിൽ 185 കിലോമീറ്റർ ആണെന്ന് റിപ്പോർട്ട് ചെയ്തു. ഇത് പടിഞ്ഞാറൻ പ്രവിശ്യയായ ആർട്ടെമിസയിൽ ചുഴറ്റിവീശിയതായാണ് വിരം.
ബുധനാഴ്ച വൈകുന്നേരത്തോടെ കാറ്റഗറി 2 ആയി മെക്സിക്കോ ഉൾക്കടലിലേക്കുതന്നെ വീണ്ടും പ്രവേശിച്ച് 168 കിലോമീറ്റർ വേഗതയിൽ വീശി. അവിടെനിന്നുള്ള അതിന്റെ ലക്ഷ്യസ്ഥാനം ഇതുവരെ നിർണയിക്കാനായിട്ടില്ല. ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നത് തുടരുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ യു.എസിനെയോ മെക്സിക്കോയെയോ സമീപിക്കാൻ സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് നാശമുണ്ടാക്കിയ മേഖലയിലെ ദുരിതബാധിതർക്ക് ക്യൂബൻ സർക്കാർ സഹായം വാഗ്ദാനം ചെയ്തു. ആർട്ടെമിസ, മായാബെക്ക്, ഹവാന എന്നിവിടങ്ങളിലാണ് വലിയ നാശനഷ്ടങ്ങളെന്ന് പ്രസിഡന്‍റ് മിഗ്വൽ ഡയസ് കാനൽ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ‘ഈ നിമിഷം മുതലുള്ള ഓരോ ചുവടും വീണ്ടെടുക്കൽ ലക്ഷ്യമാക്കിയുള്ളതാണെന്നും ഞങ്ങൾ ഒരുമിച്ച് അത് ചെയ്യു’മെന്നും അദ്ദേഹം പറഞ്ഞു. വീണ്ടെടുക്കൽ ശ്രമങ്ങൾക്കായി കൃത്യമായ വിലയിരുത്തലുകൾ നടത്തുന്നതിന് കൊടുങ്കാറ്റ് നാശം വിതച്ച പ്രവിശ്യകൾ സന്ദർശിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
റാഫേൽ ചുഴലിക്കാറ്റിനെ തുടർന്ന് ഒക്‌ടോബർ 18ന് പവർ പ്ലാന്‍റ് തകരാറിലായി രാജ്യമൊട്ടാകെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് ആഴ്ചകൾക്കുശേഷം ക്യൂബ വീണ്ടും ഇരുട്ടിലേക്ക് വീണു.
അറ്റ്ലാന്‍റിക്കിൽ നിന്നുള്ള ചുഴലിക്കാറ്റിന്റെ സീസൺ ജൂൺ മുതൽ നവംബർ അവസാനം വരെ നീളുന്നുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ റെക്കോർഡ് കാറ്റുകൾക്കാണ് സമുദ്രം സാക്ഷ്യം വഹിച്ചത്. ഈ വർഷം അറ്റ്ലാന്‍റിക്കിൽ കാറ്റഗറി 3യിലോ അതിലും ഉയർന്നതിലോ എത്തുന്ന അഞ്ചാമത്തെ വലിയ ചുഴലിക്കാറ്റാണ് റാഫേൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.