ഇന്ത്യൻ പാരമ്പര്യത്തിൽ അഭിമാനം -ഋഷി സുനക്
text_fieldsന്യൂഡൽഹി: ഇന്ത്യൻ വേരുകളിൽ ഏറെ അഭിമാനമുള്ള ആളാണ് താനെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വാർത്ത ഏജൻസിയുമായുള്ള അഭിമുഖത്തിലാണ് സുനക് ഇങ്ങനെ പറഞ്ഞത്. ജി-20 ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തുന്നതിനു മുന്നോടിയായാണ് അഭിമുഖം നടത്തിയത്. നിങ്ങൾക്ക് അറിയാവുന്നതുപോലെ, എന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. ഹിന്ദുവാണെന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു. അതിനാൽ, എക്കാലവും ഇന്ത്യയും അവിടുത്തെ ജനങ്ങളുമായി എനിക്ക് ബന്ധമുണ്ടാകും -അദ്ദേഹം തുടർന്നു.
തീൻമേശയിൽ ഒരുമിച്ചിരിക്കുമ്പോൾ ഭാര്യയുടെ മാതാപിതാക്കളുമായി (ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും എഴുത്തുകാരി സുധ മൂർത്തിയും) ഇന്ത്യൻ രാഷ്ട്രീയമാണോ ബ്രിട്ടനിലെ പ്രശ്നങ്ങളാണോ ചർച്ചചെയ്യുക എന്ന ചോദ്യത്തിന് രണ്ടുമല്ല, ക്രിക്കറ്റാണ് സംസാരവിഷയമാകുക എന്ന് സുനക് പറഞ്ഞു.അക്ഷതയുമൊത്ത് (ഭാര്യ) ഇന്ത്യയിലേക്ക് വരുന്നത് നല്ല അനുഭവമായിരിക്കും. സന്ദർശന സമയം അൽപം തിരക്കുള്ളതാണെങ്കിലും ചെറുപ്പത്തിൽ പോയ ചിലയിടങ്ങളിലൊക്കെ വീണ്ടുമെത്താൻ കഴിയുമെന്ന് കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ശരിയായ സമയത്താണ് ഇന്ത്യ ജി-20 അധ്യക്ഷതയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാണ് കൺസർവേറ്റീവ് പാർട്ടി നേതാവായ ഋഷി സുനക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.