റഷ്യൻ അധിനിവേശം ഒരുമാസം പിന്നിടുന്നു; ആഗോള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സെലൻസ്കി
text_fieldsകിയവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശമാരംഭിച്ച് കൃത്യം ഒരുമാസമാകുമ്പോൾ റഷ്യക്കെതിരെ പ്രതിഷേധിക്കാൻ ലോകമെമ്പാടുമുള്ള ജനങ്ങളോട് യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദമിർ സെലൻസ്കിയുടെ ആഹ്വാനം. യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയമാണ് സെലൻസ്കിയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
റഷ്യയുടെ യുദ്ധം യുക്രെയ്നെതിരെ മാത്രമല്ലെന്നും അത് സ്വാതന്ത്ര്യത്തിനെതിരെയുള്ള യുദ്ധമാണെന്നും സെലൻസ്കി പ്രതികരിച്ചു. അതിനാലാണ് യുദ്ധത്തിനെതിരെ പ്രതിഷേധിക്കാൻ താൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് മുതൽ എല്ലാവരും അവരുടെ നിലപാട് തുറന്ന് കാട്ടണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. നിങ്ങളുടെ ജോലി സ്ഥലത്ത് നിന്നും, വീടുകളിൽ നിന്നും, സ്കൂളുകളിൽ നിന്നുമെല്ലാം പുറത്തേക്ക് വന്ന് സമാധാനത്തിന് വേണ്ടിയും യുക്രെയ്ന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും തെരുവുകളിൽ പ്രതിഷേധിക്കൂവെന്ന് സെലൻസ്കി പറഞ്ഞു.
ഫെബ്രുവരി 24നാണ് യുക്രെയ്നെതിരായ അധിനിവേശം റഷ്യ ആരംഭിച്ചത്. യുക്രെയ്ന്‍റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് റഷ്യയുടെ ലക്ഷ്യമെന്നും യുക്രെയ്‍ൻ ജനതയുടെ ജീവൻ അപകടത്തിലല്ലെന്നും പറഞ്ഞ റഷ്യ യുക്രെയ്നെ പിടിച്ചെടുക്കലല്ല ലക്ഷ്യമെന്ന് ആവർത്തിക്കുകയാണ്.
എട്ട് വർഷമായി കിയവ് ഭരണകൂടത്തിന്‍റെ കീഴിൽ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഡോൺബാസിലെ ജനങ്ങളെ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നായിരുന്നു റഷ്യൻ പ്രസിഡന്‍റ് വ്ളാദമിൻ പുടിൻ അക്രമത്തെ ന്യായീകരിച്ച് പറഞ്ഞത്. എന്നാൽ, അധിനിവേശത്തെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായി അപലപിക്കുകയും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.