വെടിനിർത്തലിൽ പ്രതീക്ഷയർപ്പിച്ച് ഗസ്സക്കാർ; അടിയന്തര സമ്മേളനം വിളിച്ച് ജോർദാൻ
text_fieldsഗസ്സ സിറ്റി: ‘അൽ ശിഫ ആശുപത്രിയിൽ ഞാൻ കണ്ടത് ഒരിക്കലും ആലോചിക്കാൻ കഴിയാത്തതാണ്. മെഡിക്കൽ സ്റ്റാഫ് ആയിരിക്കുക എന്നത് എളുപ്പമല്ല. ഇസ്രായേൽ സൈനികർ ഞങ്ങളെ അൽ ശിഫ ഹോസ്പിറ്റൽ വിടാൻ നിർബന്ധിക്കുന്നതിനുമുമ്പ്, എൻ്റെ കുടുംബത്തെ കാണുന്നതിനുമുമ്പ്, ഞാൻ കിലോമീറ്ററുകൾ നടന്നു. നിരാശയും സങ്കടവും ദേഷ്യവും പുറന്തള്ളാൻ വേണ്ടി. ഇത്തവണ പ്രമേയം പ്രവർത്തിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഈ വംശഹത്യ അവസാനിപ്പിക്കാൻ ഞാൻ പ്രാർഥിക്കുന്നു. ഞങ്ങളാകെ തളർന്നിരിക്കുകയാണ്. മെഡിക്കൽ സ്റ്റാഫ് എന്ന നിലയിൽ ഞങ്ങൾക്കിതിനി സഹിക്കാൻ കഴിയില്ല’ -മാസങ്ങളായി മൃതദേഹങ്ങളെയും പരിക്കേറ്റവരെയും പരിചരിക്കുന്ന അൽ അഖ്സ ആശുപത്രിയിലെ ഡോ. ആലയുടെ വാക്കുകളാണിത്.
ഒക്‌ടോബർ 7 മുതൽ ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണത്തിൽ കുറഞ്ഞത് 37,124 പേരെങ്കിലും കൊല്ലപ്പെടുകയും 84,712 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണങ്ങളിൽ ഇസ്രായേലിൽ ഇതുവരെയുള്ള മരണസംഖ്യ 1,139 ആണ്. ഡസൻ കണക്കിന് ആളുകൾ ഇപ്പോഴും ഗസ്സയിൽ ബന്ദികളായിത്തുടരുന്നു.
യു.എസ് പിന്തുണയോടെയുള്ള അടിയന്തര വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാ സമിതി പാസാക്കിയെങ്കിലും ഹമാസിനെ മേഖലയിൽനിന്ന് തുടച്ചുനീക്കുംവരെ ആക്രമണം തുടരുമെന്ന ഇസ്രായേൽ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള സമൂഹം. വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകൾ മറികടന്ന് ആക്രമണം കടുപ്പിച്ച മുന്നനുഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. പ്രമേയം പാസായതിനുശേഷവും ഗസ്സ സിറ്റിയിലെ ഒരു അപ്പാർട്ട്‌മെന്റുനേരെ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെട്ടതായി ഏറ്റവുമൊടുവിൽ പുറത്തവന്നു. അവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, വെടിനിർത്തൽ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അടിയന്തര അന്താരാഷ്ട്ര സമ്മേളനം നടത്താനൊരുങ്ങി ജോർദാൻ. ഗസ്സക്ക് ഉടനടിയുള്ളതും പര്യാപ്തമായതും സുസ്ഥിരവുമായ രീതിയിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക, അവിടുത്തെ മാനുഷിക ദുരന്തത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ തേടുക, നിലവിലെ മാനുഷിക സാഹചര്യത്തെ അഭിസംബോധന ചെയ്യാൻ കൂട്ടായ യോജിച്ച പ്രതികരണത്തിനായുള്ള സാധ്യതകൾ തേടുക, സുസ്ഥിര സഹായത്തിനുള്ള ശൃഖലകൾ ഉറപ്പാക്കുകയും സാധാരണക്കാർക്കുള്ള സഹായവും സംരക്ഷണവും സുരക്ഷിതമായി എത്തിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.