ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പരസ്യ പ്രതിഷേധവുമായി ഗൂഗ്ൾ എൻജിനീയർമാർ
text_fieldsന്യൂയോർക്ക്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പരസ്യ പ്രതിഷേധവുമായി ഗൂഗ്ൾ ജീവനക്കാർ. ഗൂഗ്ൾ ഇസ്രായേൽ മാനേജിങ് ഡയറക്ടർ ബറാക് റെഗേവിന്‍റെ പ്രസംഗം തടസപ്പെടുത്തിയാണ് യുവ സോഫ്റ്റ്‍വെയർ എൻജിനീയർമാർ പ്രതിഷേധിച്ചത്.
തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ഇസ്രായേൽ ടെക് കോൺഫറൻസിലാണ് സംഭവം. ഇസ്രായേൽ സൈന്യവുമായി ചേർന്നുള്ള ഗൂഗ്ളിന്‍റെ പദ്ധതികളെയും യുവ എൻജീനിയർമാർ വിമർശിച്ചു. ഇസ്രായേലിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
‘ഞാൻ ഗൂഗിൾ ക്ലൗഡ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ്. വംശഹത്യ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യ നിർമ്മിക്കാൻ എനിക്ക് സമ്മതമല്ല’ -യുവ എൻജിനീയർ വിളിച്ചു പറഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ കോൺഫറൻസ് ഹാളിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോയി.
2017 മുതൽ ഗൂഗ്ളിന്‍റെ ഇസ്രായേൽ മാനേജിങ് ഡയറക്ടറാണ് ബറാക് റെഗേവ്. ഇസ്രായേലിന്‍റെ നിർമിത ബുദ്ധി (എ.ഐ) വ്യവസായത്തെ കുറിച്ചാണ് റെഗേവ് പ്രഭാഷണം നടത്തിയത്. ഗസ്സ ആക്രമണത്തിന് ഇസ്രായേൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
ഇസ്രായേൽ ഭരണകൂടത്തിനും സൈന്യത്തിനും ക്ലൗഡ് സർവീസ് ലഭ്യമാക്കാനായി പ്രോജക്ട് നിംബസ് എന്ന പേരിൽ 1.2 ദശലക്ഷത്തിന്‍റെ കരാറിലാണ് 2021ൽ ഗൂഗ്ൾ ഏർപ്പെട്ടിട്ടുള്ളത്. കരാറിന്‍റെ വിവരങ്ങൾ ഗാർഡിയൻ പുറത്തുവിട്ടിരുന്നു. ഗൂഗ്ൾ സാങ്കേതികവിദ്യ വഴി ഫലസ്തീനികളെ കൂടുതൽ നിരീക്ഷിക്കാനും നിയമവിരുദ്ധമായ ഡാറ്റ ശേഖരണത്തിനും ഫലസ്തീൻ ഭൂമിയിൽ ഇസ്രായേലിന്‍റെ അനധികൃത കുടിയേറ്റങ്ങൾ വിപുലീകരിക്കാൻ സാധിക്കുമെന്നും ഗാർഡിയൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബറിൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മൈ ഉബൈദ് കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഗ്ൾ ജീവനക്കാർ ലണ്ടനിൽ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.