ഇസ്രായേലിനെതിരെ നടപടിയെടുക്കണമെന്ന് ഐ.സി.സി പ്രോസിക്യൂട്ടർ; ആവശ്യം യു.എൻ സുരക്ഷാസമിതിയിൽ
text_fieldsവാഷിങ്ടൺ: ഇസ്രായേലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം ഖാൻ. യു.എൻ സെക്യൂരിറ്റി കൗൺസിലിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. അസോസിയേറ്റഡ് പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഇസ്രായേൽ അധിനിവേശത്തത്തിൽ ഐ.സി.സി കർശനമായ നടപടിപകൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങൾ രംഗത്തെത്തി. ഇസ്രായേൽ വംശഹത്യയും, യുദ്ധകുറ്റവും, മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും ചെയ്തുവെന്ന് ലിബിയയിലെ യു.എൻ അംബാസിഡർ തഹീർ-എൽ-സോനി പറഞ്ഞു.
ഈയൊരു സാഹചര്യത്തിൽ ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന് കോടതി വാറൻഡ് നൽകണം. സിവിലിയൻമാർക്കെതിരായ ഭീഷണി നിങ്ങൾ കാണുന്നില്ലേ. എപ്പോൾ വേണമെങ്കിലും റഫയിൽ ഇസ്രായേൽ അധിനിവേശം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൾജീരിയൻ യു.എൻ ഡെപ്യൂട്ടി അംബാസിഡറും ഐ.സി.സി വിഷയത്തിൽ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, റഫ അതിർത്തി ഇസ്രായേൽ നിയന്ത്രണത്തിലായതിനു പിന്നാലെ ട്രക്കുകൾ കടത്തിവിടാത്തത് ഗസ്സയെ കൊടുംപട്ടിണിയിലാഴ്ത്തുന്നുണ്ട്. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റഫയുടെ ഫലസ്തീൻ ഭാഗം മേയ് ആറിനാണ് ഇസ്രായേൽ സൈന്യം നിയന്ത്രണത്തിലാക്കിയത്. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ കറം അബൂ സാലിം അതിർത്തി വഴി ഭക്ഷണം കയറ്റിയ ആറ് ട്രക്കുകൾ മാത്രമാണ് കടത്തിവിട്ടതെന്ന് യു.എൻ അഭയാർഥി ഏജൻസി വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.
വടക്കൻ ഗസ്സയിൽ വീണ്ടും കരയാക്രമണം ആരംഭിച്ച ഇസ്രായേൽ റഫയിലും ടാങ്കുകൾ വിന്യസിച്ച് ആക്രമണം തുടരുന്നുണ്ട്. രണ്ടിടങ്ങളിലും ഹമാസും മറ്റു ഫലസ്തീനി സംഘടനകളും ശക്തമായ ചെറുത്തുനിൽപ് നടത്തുന്നുണ്ട്. കിഴക്കൻ റഫയിൽ അൽജനീന, അൽസലാം, അൽബ്രാസിൽ എന്നിവിടങ്ങളിലാണ് ഇസ്രായേൽ ടാങ്കുകളും കവചിത വാഹനങ്ങളും ചൊവ്വാഴ്ച രാവിലെ കടന്നുകയറിയത്. 24 മണിക്കൂറിനിടെ ഇസ്രായേൽ ബോംബിങ്ങിൽ 82 പേർ കൊല്ലപ്പെട്ടു. 234 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.