ഇസ്രായേൽ ഫലസ്തീനിൽ നടത്തിയ കുറ്റകൃത്യങ്ങളിൽ അന്വേഷണം ഊർജിതമെന്ന് അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടർ
text_fieldsകെയ്റോ: ഇസ്രായേൽ അധിനിവേശത്തിനിടെ ഫലസ്തീനിൽ നടത്തിയ കുറ്റകൃത്യങ്ങളിൽ അന്വേഷണം ഊർജിതമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം ഖാൻ. 2014 മുതൽ തങ്ങളുടെ അധികാരപരിധിയിലുള്ള ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലാണ് അന്വേഷണം നടക്കുന്നതെന്നും കരീം ഖാൻ വ്യക്തമാക്കി.
ഫലസ്തീനിലെ സ്ഥിതിഗതികളെ കുറിച്ച് സ്വതന്ത്രമായി നിരീക്ഷിക്കുകയാണ്. ഇസ്രായേലിലെ സംഭവങ്ങളും ഫലസ്തീൻ പൗരന്മാർ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളും പരിശോധിക്കുകയാണെന്നും കരീം ഖാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സാധാരണക്കാർക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഇസ്രായേൽ ഉറപ്പാക്കണം. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുന്നത് ക്രിമിനൽ കുറ്റത്തിന് കാരണമാകും. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും സാധാരണക്കാർക്കും മാനുഷിക സഹായ സാമഗ്രികൾ എത്തിക്കുന്നതിന് തടസം സൃഷ്ടിക്കരുത്.
'അവർ നിരപരാധികളാണ്. അന്താരാഷ്ട്ര മാനുഷ്യാവകാശ നിയമപ്രകാരം അവർക്ക് അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ ജനീവ കൺവെൻഷനുകളുടെ ഭാഗമാണ്. അവകാശങ്ങൾ തടസപ്പെടുത്തുമ്പോൾ ക്രിമിനൽ പ്രവർത്തനമായി മാറും'-ഖാൻ ചൂണ്ടിക്കാട്ടി.
ഗാസ മുനമ്പും ഇസ്രായേലും സന്ദർശിക്കാമെന്നാണ് പ്രതീക്ഷയെന്നും അധികാരപരിധിയുള്ള ഇടങ്ങളിലടക്കം അവകാശങ്ങൾ ഉറപ്പാക്കുമെന്നും കരീം ഖാൻ വ്യക്തമാക്കി.
ഇസ്രായേൽ അധിനിവേശത്തിന് പിന്നാലെ ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവ് നിലച്ചിരുന്നു. ഇസ്രായേൽ ഉപരോധത്തിൽ താമസക്കാർക്ക് വെള്ളവും ഭക്ഷണവും ലഭിക്കാതാകുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു. സംഘർഷം ആരംഭിച്ചതോടെ ഗസ്സയിൽ വിതരണം ചെയ്തിരുന്ന ഭക്ഷണത്തിന്‍റെ രണ്ട് ശതമാനം മാത്രമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.