കപ്പിനും ചുണ്ടിനും ഇടയിൽ ഐസ്ലന്റിന് ആ ഖ്യാതി നഷ്ടപ്പെട്ടു; ഞങ്ങളിതൊക്കെ എന്നേ നേടിയല്ലോ എന്ന് അഞ്ച് രാജ്യങ്ങൾ
text_fieldsറെയ്ക്സക്(ഐസ്ലന്റ്): യൂറോപ്പിൽ വനിതകൾക്ക് ഭൂരിപക്ഷമുള്ള ആദ്യ പാർലമെന്‍റ് എന്ന ഖ്യാതി ഐസ്ലന്റിന് കയ്യകലത്തിൽ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ 63 ൽ 33 സീറ്റുകൾ വനിതകൾ ജയിച്ചിരുന്നു. ആകെ സീറ്റിന്‍റെ 52 ശതമാനം സീറ്റുകൾ വനിതകൾ വിജയിച്ചതോടെ വനിതാ ഭൂരിപക്ഷ പാർലമെന്‍റ് യഥാർഥ്യമാകുമെന്ന് തന്നെയാണ് കരുതിയിരുന്നത്. എന്നാൽ, റീ കൗണ്ടിങ്ങിൽ ഫലം മാറുകയായിരുന്നു.
റീ കൗണ്ടിൽ വനിതകളുടെ പ്രാതിനിധ്യം 30 ആയി കുറഞ്ഞു. 47.6 ശതമാനമാണിത്. വനിതകൾക്ക് ആകെ അംഗങ്ങളുടെ പകുതി എത്താനായില്ലെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലെ വനിതകളുടെ കൂടിയ പ്രാതിനിധ്യം ഐസ്ലന്റിന് തന്നെയാണ്. തൊട്ടുപിറകിലുള്ളത് സ്വീഡനാണ്, 47 ശതമാനം.
വേൾഡ് എകണോമിക് ഫോറത്തിന്‍റെ റിപ്പോർട്ടനുസരിച്ച് ലിംഗ സമത്വത്തിന്‍റെ കാര്യത്തിൽ ലോക റാങ്കിങിൽ ഒന്നാമതുള്ള രാജ്യമാണ് ഐസ്ലന്റ്. കഴിഞ്ഞ 12 വർഷമായി ഈ റാങ്കിന്‍റെ അവകാശികൾ ഐസ്ലന്റ് തന്നെയാണ്.
കുഞ്ഞ് പിറക്കുേമ്പാൾ പരിചരണത്തിന് മാതാവിനും പിതാവിനും ഒരു പോലെ അവധി നൽകുന്ന രാജ്യമാണ് ഐസ്ലന്റ്. പുരുഷനും സ്ത്രീക്കും തുല്യ വേതനത്തിനായി 1961 ൽ തന്നെ ഇവിടെ നിയമമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന് വനിത പ്രസിഡന്‍റ് ഉണ്ടായതും ഇവിടെയാണ്, 1980 ൽ ആയിരുന്നു അത്.
അതേസമയം, പാർലെമന്റിൽ വനിതാ പ്രാതിനിധ്യം 50 ശതമാനമോ അതിന് മുകളിലോ ഉള്ള അഞ്ചു രാജ്യങ്ങൾ യൂറോപ്പിന് പുറത്തുണ്ട്. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയാണ് വനിതാ പ്രാതിനിധ്യത്തിൽ ഏറ്റവും മുകളിൽ. ഇവിടെ 61.3 ശതമാനം പാർലമെന്‍റ് അംഗങ്ങളും വനിതകളാണ്. ക്യൂബയിൽ 53.4 ശതമാനവും നികരാഗ്വേയിൽ 50.6 ശതമാനവും യു.എ.ഇ, മെക്സികോ എന്നീ രാജ്യങ്ങളിൽ 50 ശതമാനവുമാണ് പാർലെമന്റിലെ വനിതാ പ്രാതിനിധ്യം.
വികസിത രാജ്യങ്ങളായി കണക്കാക്കുന്ന അമേരിക്കയിൽ 27.6 ശതമാനവും യു.കെയിൽ 34.2 ശതമാനവും മാത്രമാണ് നിയമനിർമാണ സഭകളിലെ വനിതാ പ്രാതിനിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.