അൽശിഫ ആശുപത്രിയിലെ ഐ.സി.യുവും തകർത്തു; 650 രോഗികൾ അപകടത്തിൽ
text_fieldsഗസ്സ സിറ്റി: അൽശിഫ ആശുപത്രിക്ക് നേരെ ഇസ്രായേൽ രണ്ടാമതും ബോംബാക്രമണം നടത്തി. ഇത്തവണ നിരവധി പേർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമാണ് (ഐ.സി.യു) ഇസ്രായേൽ തകർത്തത്. ചികിത്സയിലുള്ള 650 രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ആശുപത്രി ഡയറക്ടർ ജനറൽ മുഹമ്മദ് സഖൗത്ത് മുന്നറിയിപ്പ് നൽകി.
ഐ.സി.യുവിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഹൃദ്രോഗ വാർഡ് വ്യോമാക്രമണത്തിൽ തകർത്തിരുന്നു. വടക്കൻ ഗസ്സയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ഇസ്രായേൽ സൈന്യം പൂർണമായും വളഞ്ഞിരിക്കുകയാണ്. ആർക്കും ആശുപത്രിയിൽനിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. പുറത്തിറങ്ങുന്നവരെ ചുറ്റും നിലയുറപ്പിച്ച ഇസ്രായേൽ സൈന്യത്തിലെ ഷൂട്ടർമാർ വെടിവെച്ചിടുകയാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിലാണ് ഹൃദ്രോഗ വാർഡ് കെട്ടിടം തകർന്നത്. ഹൃദ്രോഗ വിഭാഗം പൂർണമായി നശിപ്പിച്ചുവെന്നും ഇരുനില കെട്ടിടം പൂർണമായും തകർന്നുവെന്നും ഗസ്സ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസഫ് അൽ റിഷ് വാർത്താ ഏജൻസിയോട് പറഞ്ഞു.
‘36 കുട്ടികളുൾപ്പെടെ 650 ഓളം രോഗികളുടെ ജീവൻ അപകടത്തിലാണ്, അവരുടെ ജീവൻ രക്ഷിക്കാൻ ഈജിപ്ത് ഇടപെടണം’ - ആശുപത്രി ഡയറക്ടർ ജനറൽ മുഹമ്മദ് സഖൗത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഇസ്രായേൽ വീടുകൾ തകർത്തതിനെ തുടർന്ന് അഭയാർഥികളായ 1,500 ഓളം ആളുകൾ രോഗികൾക്ക് പുറമേ അൽ-ശിഫ മെഡിക്കൽ കോംപ്ലക്‌സിൽ കഴിയുന്നുണ്ട്. വെള്ളവും വൈദ്യുതിയും ലഭിക്കാത്തതിനാൽ എല്ലാവരുടെയും ജീവൻ ഭീഷണിയിലാണ്. ഇതിനുപുറമേയാണ് മാലിന്യപ്രശ്നം. മെഡിക്കൽ മാലിന്യം അടക്കം ഇവിടെ കുമിഞ്ഞുകൂടുകയാണ്’ - സഖൗത്ത് പറഞ്ഞു.
നേരത്തെ നടത്തിയ ആക്രമണത്തിൽ വെന്‍റിലേറ്ററിലുണ്ടായിരുന്ന കുട്ടിയടക്കം രണ്ടു പേർ മരിച്ചു. മാത്രമല്ല, ജനറേറ്ററുകൾ നിലച്ച് ഇൻകുബേറ്ററിലുള്ള 39 നവജാതശിശുക്കൾ ഏതു നിമിഷവും മരിക്കുമെന്ന അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. ജനറേറ്റർ നിലച്ചതുകാരണം ഫ്രീസറിൽനിന്ന് മാറ്റിയ മൃതദേഹങ്ങൾ ഖബറടക്കാനായി ആശുപത്രിയിൽ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രായേലിന്‍റെ ഷെല്ലിങ്ങിനെ തുടർന്ന് ഉപേക്ഷിച്ചിരിക്കുകയാണ്.
അൽ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട് ഭയാനകമായ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്നവർ പതിനായിരക്കണക്കിനാളുകൾക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നു -ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എൻ. അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.