റഫയിൽ നാല് ഇസ്രായേൽ സൈനികർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
text_fieldsഗസ്സ: ലബനാനിൽ പേജർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ റഫയിൽ തങ്ങളുടെ നാല് അധിനിവേശ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യത്തിന്റെ സ്ഥിരീകരണം. തെക്കൻ ഗസ്സയിലെ റഫയിൽ ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്താൻ പോയ വനിത സൈനിക അടക്കം നാലുപേർ കൊല്ലപ്പെട്ടതായാണ് സൈന്യം അറിയിച്ചത്. മരിച്ചവരുടെ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്.
ഗിവാറ്റി ബ്രിഗേഡിന്റെ ഷേക്ക്ദ് ബറ്റാലിയനിലെ ഡെപ്യൂട്ടി കമ്പനി കമാൻഡർ ഡാനിയൽ മിമോൺ ടോഫ്, സ്റ്റാഫ് സാർജൻറ് പാരാമെഡിക്കൽ അഗം നയിം, സ്റ്റാഫ് സാർജൻറ് അമിത് ബക്രി, ഡോട്ടൻ ഷിമോൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ
ഗസ്സയിൽ കൊല്ലപ്പെടുന്ന ആദ്യ വനിതാ സൈനികനാണ് നയിം. ഗിവാറ്റി ബ്രിഗേഡിന്റെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് ഇന്നലെ റഫയിൽ വെടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു.
സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനടക്കം മൂന്ന് സൈനികർക്ക് ഗുരുതര പരിക്കേറ്റു. മറ്റുരണ്ടുപേർക്ക് സാരമായ പരിക്കും ഉള്ളതായി ഐ.ഡി.എഫ് അറിയിച്ചു. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 348 ആയെന്നാണ് ഇസ്രായേൽ പറയുന്നത്.
മേയ് ആറിനാണ് ഇസ്രായേൽ സൈന്യം റഫ ആക്രമണം ആരംഭിച്ചത്. നാല് മാസത്തിലേറെയായി ഇവിടെ നടക്കുന്ന ക്രൂരമായ വ്യോമ, കര ആക്രമണത്തിൽ നഗരത്തിന്റെ ഭൂരിഭാഗവും തകർത്ത് നിലംപരിശാക്കിയിരിക്കുകയാണ്. ഇവിടെ അഭയം പ്രാപിച്ചിരുന്ന 10 ലക്ഷത്തിലേറെ ഫലസ്തീനികളെ ആട്ടിയോടിച്ചാണ് കൂട്ടക്കൊലകൾ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.