മൂന്ന് സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ
text_fieldsതെൽഅവീവ്: ഗസ്സയിൽ തങ്ങളുടെ മൂന്ന് സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ. രണ്ട് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അറിയിച്ചു.
തെക്കൻ ഗസ്സയിൽ ഇസ്രായേലിന്റെ 630ാം ബറ്റാലിയനിലെ 36, 30, 27 വയസ്സുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 7 മുതൽ 227 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഇന്നലെ മരിച്ചവരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയതായി അറിയില്ല.
അതിനിടെ, 10 അധിനിവേശ ഇസ്രായേൽ സൈനികരെ തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടലിൽ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഇന്നലെ അറിയിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്ത അബസൻ അൽ കബീറയിലാണ് ഏറ്റുമുട്ടൽ നടന്നത്. നേരിട്ടുള്ള പോരാട്ടത്തിലാണ് സൈനികരെ വധിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
കൂടാതെ രണ്ട് ദിവസങ്ങളിലായി അഞ്ച് ഇസ്രായേലി ബന്ദികൾ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ പറഞ്ഞു. എട്ടുപേർക്ക് പരിക്കേറ്റതായും ഇവരുടെ നില അതീവ ഗുരുതരാമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ശരിയായ ചികിത്സ നൽകാൻ കഴിയാത്തതിനാൽ ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാവുകയാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ ജീവൻ നഷ്ടമായാൽ, മരുന്നും അവശ്യവസ്തുക്കളും തടയുന്ന ഇസ്രായേൽ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.