ഹമാസ് ആക്രമണത്തിൽ ഇസ്രായേൽ കമ്പനി കമാൻഡറും പ്ലാറ്റൂൺ കമാൻഡറും കൊല്ലപ്പെട്ടു; 7 സൈനികർക്ക് ഗുരുതര പരിക്ക്
text_fieldsഗസ്സ: ഫലസ്തീനികളെ കൊലപ്പെടുത്താൻ വടക്കൻ ഗസ്സയിലെ കെട്ടിടത്തിൽ കയറിയ ഇസ്രായേലി സൈനിക ബറ്റാലിയൻ പ്ലാറ്റൂണിന് നേരെ ഹമാസിന്റെ കെണി ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഗിവാറ്റി ബ്രിഗേഡിന്റെ 432-ാം 'സബർ' ബറ്റാലിയൻ കമ്പനി കമാൻഡറും പ്ലാറ്റൂൺ കമാൻഡറും കൊല്ലപ്പെട്ടു. പ്ലാറ്റൂണിലെ ഏഴ് സൈനികർക്ക് പരിക്കേറ്റു.
രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ട വിവരവും ഏഴ് സൈനികർക്ക് ഗുരുതര പരിക്കേറ്റതും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) ഇന്ന് രാവിലെ സ്ഥിരീകരിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 242 ആയതായും ഐ.ഡി.എഫ് പറയുന്നു.
ഇന്നലെ പുലർച്ചെ ഗസ്സ സിറ്റിയിലെ സെയ്‌തൂൻ പരിസരത്തുള്ള കെട്ടിടത്തിലായിരുന്നു ഹമാസിന്റെ സ്ഫോടനം.
മോഷവ് പരാനിലെ മേജർ ഇഫ്താ ഷഹർ (25) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഷൽദാഗ് സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റിലെ കോംബാറ്റ് ഓഫിസറും ഗിവാറ്റി ബ്രിഗേഡിന്റെ 432-ാം 'സബർ' ബറ്റാലിയൻ കമ്പനി കമാൻഡറുമായിരുന്നു. യെരൂഹാം സ്വദേശി ക്യാപ്റ്റൻ ഇറ്റായി സെയ്ഫ് (24) ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. ‘സബർ’ ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡറായിരുന്നു ഇയാൾ.
'സബർ' ബറ്റാലിയനിലെ തന്നെ ഏഴ് സൈനികർക്കാണ് ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റത്. ഇവരെ ചികിത്സക്കായി ഇസ്രായേലിലെ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.