ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള നീക്കവുമായി ഇസ്രായേൽ
text_fieldsതെൽ അവീവ്: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ഇസ്രായേൽ. സിറിയയിലെ ബശ്ശാറുൽ അസദ് ഭരണകൂടം വീണതിന് പിന്നാലെ ഇസ്രായേൽ പ്രതിരോധസേന ഇതിനുള്ള സാധ്യതകൾ പരിശോധിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രായേൽ എയർ ഫോഴ്സ് ഇറാൻ ആണവകേന്ദ്രങ്ങൾക്ക് മേലുള്ള നിരീക്ഷണം തുടരുകയാണെന്നും അവസരം ലഭിച്ചാൽ ആക്രമിക്കുമെന്നുമാണ് പ്രതിരോധസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്. അസദിന്റെ വീഴ്ചയോടെ മേഖലയിൽ ഇറാൻ ഒറ്റപ്പെട്ടുവെന്നാണ് ഇസ്രായേൽ വിലയിരുത്തൽ. ലബനാനിൽ ഹിസ്ബുല്ലയുടെ കരുത്ത് ചോർന്നതും ഇറാനുള്ള തിരിച്ചടിയാണെന്നാണ് പ്രതിരോധസേനയുടെ വിലയിരുത്തൽ.
സിറിയക്ക് മേലുള്ള ആകാശത്തിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്ക് ലഭിച്ചുവെന്നും ഇസ്രായേൽ അവകാശപ്പെട്ടു. ഇത് ഇറാനിലേക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്നാണ് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ അറിയിക്കുന്നത്. അസദിന്റെ കാലത്തുണ്ടായ വ്യോമപ്രതിരോധ സംവിധാനത്തിന്റെ 86 ശതമാനവും നശിപ്പിച്ചുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
സിറിയയിൽ നീണ്ട 50 വർഷത്തിനിടെ സാധ്യമാകാത്തതാണ് രണ്ടു ദിവസത്തിനിടെ ഇസ്രായേൽ പൂർത്തിയാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 480 വ്യോമാക്രമണങ്ങളിലായി സിറിയയുടെ കര, നാവിക, വ്യോമസേനകളും ആയുധശേഷിയും സമ്പൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അധിനിവിഷ്ട ഗോലാൻ കുന്നുകൾക്കപ്പുറത്തെ ബഫർ സോണും കടന്ന് സിറിയക്കുള്ളിൽ ഇസ്രായേൽ കരസേനാ സാന്നിധ്യമെത്തി. ആയുധമുക്ത സിറിയയെന്ന ലക്ഷ്യം അങ്ങനെ ഒട്ടും എതിർപ്പില്ലാതെ എളുപ്പത്തിൽ സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.