‘നിങ്ങൾ വംശഹത്യയിൽ പങ്കാളിയാണോ?’ -ഇസ്രായേൽ സൈനികരുടെ വിസ അപേക്ഷ തടഞ്ഞ് ആസ്‌ട്രേലിയ
text_fieldsകാൻബെറ: ഫലസ്തീനിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തടഞ്ഞുവെച്ച് ആസ്ട്രേലിയ. ഗസ്സ വംശഹത്യയിലെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങൾ ഇവരിൽനിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് നടപടി. ഇസ്രായേലി സഹോദരങ്ങളായ ഒമർ ബെർഗർ (24), എല്ല ബെർഗർ (22) എന്നിവർ തങ്ങളുടെ 100 വയസ്സുള്ള മുത്തശ്ശിയെ സന്ദർശിക്കാൻ ആസ്‌ട്രേലിയയിലേക്ക് പോകാൻനാണ് വിസക്ക് അപേക്ഷിച്ചത്. കുടുംബത്തിലെ മറ്റുനാലുപേരും ഇവർക്കൊപ്പം അപേക്ഷിച്ചിരുന്നു. എന്നാൽ, മറ്റുള്ളവർക്ക് വിസ ലഭിച്ചെങ്കിലും ഇവരുടെ മാത്രം തടഞ്ഞുവെക്കുകയായിരുന്നു.
ഇരുവരുടെയും ഐ.ഡി.എഫ് സേവനം കാരണമാണ് പ്രവേശനം നിഷേധിക്കപ്പെട്ടതെന്നും 13 പേജുള്ള പ്രത്യേക ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവരുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലിനെതിരായ ആസ്ട്രേലിയൻ സർക്കാറിന്റെ ശത്രുതാപരമായ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇവർ ആരോപിച്ചു. യുദ്ധത്തിൽ ഏർപ്പെട്ട സൈനികർക്കുള്ള ഫോം ഇവർ പൂരിപ്പിച്ചിരുന്നു.
ഹോളോകോസ്റ്റ് അതിജീവിതയായ മുത്തശ്ശി ജൂലൻ ബർഗറിൻ്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനാണ് ആറുപേരും രണ്ട് മാസം മുമ്പ് സന്ദർശക വിസയ്ക്ക് അപേക്ഷിച്ചത്. നാല് അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കി. എന്നാൽ, റിസർവ് സൈനികരായ ഒമറിനും എല്ലയ്ക്കും അനുവദിച്ചില്ല. തടവുകാരെ ദുരുപയോഗം ചെയ്യുന്നതിൽ പങ്കാളികളോണാ? തടങ്കൽ കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നോ? യുദ്ധക്കുറ്റങ്ങളിലോ വംശഹത്യയിലോ പങ്കാളിത്തം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇവർക്ക് നൽകിയ ഫോമിൽ ഉണ്ടായിരുന്നത്. ഇതിന് മറുപടി നൽകിയിട്ടും ഇരുവർക്കും പ്രവേശനം നൽകിയില്ല. സൈനിക അവധി തീരാറായതിനാൽ എല്ല യാത്ര ഉപേക്ഷിച്ച് ഇസ്രായേലിലേക്ക് മടങ്ങി. സഹോദരൻ തായ്‌ലൻഡിൽ കഴിയുകയാണ്.
എന്തുകൊണ്ടാണ് സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരൻമാരോട് യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കുന്നതെന്ന് ഇവരുടെ ബന്ധവായ ആരോൺ ബെർഗർ ചോദിച്ചു. മുത്തശ്ശിയെ കാണാനുള്ള അവസാന അവസരമായിരിക്കാം ഇതെന്നും കടുത്ത മാനസിക പ്രയാസത്തിലാണെന്നും അവർ പറഞ്ഞു. മൂന്നാഴ്‌ച മുമ്പ് മുൻ ഇസ്രായേൽ നീതിന്യായ മന്ത്രി എയ്‌ലെറ്റ് ഷകേദിനും ആസ്ട്രേലിയ വിസ നിഷേധിച്ചിരുന്നു. എയ്‌ലെറ്റിന്റെ സാന്നിധ്യം ചില സമുദായങ്ങളെ വ്രണപ്പെടുത്തിയേക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
തുടർന്ന് ആസ്‌ട്രേലിയയിലെ ജൂത വംശജരുടെ കോൺഫറൻസിൽ പങ്കെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. “നിലവിലെ ആസ്‌ട്രേലിയൻ ഗവൺമെൻറ് ഇസ്രായേൽ വിരുദ്ധവും തീവ്ര ഫലസ്തീൻ അനുകൂലവുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജൂതവിരുദ്ധതയുടെ ഭാഗമാണിത്. ആസ്‌ട്രേലിയൻ ജനാധിപത്യത്തിന് ഇത് കറുത്ത ദിനങ്ങളാണ്. അവർ ചരിത്രത്തിൽ തെറ്റിന്റെ കൂടെ നിൽക്കാനാണ് തിരഞ്ഞെടുത്തത്’ -എന്നായിരുന്നു എയ്‌ലെറ്റിന്റെ പ്രതികരണം.
അതേസമയം, ഇസ്രായേൽ പൗരന്മാർക്ക് പുതിയ വിസ നയങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ആസ്‌ട്രേലിയൻ ആഭ്യന്തരകാര്യ വകുപ്പ് പ്രസ്താവിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 11,000 ഇസ്രായേലികൾക്ക് വിസ അനുവദിച്ചിട്ടുണ്ട്. ‘സാധാരണ നടപടിക്രമങ്ങൾ പാലിച്ച്, നിർദ്ദിഷ്ട സംഭവങ്ങളിൽ ചില അധിക വിവരങ്ങൾ ആവശ്യമുള്ളപ്പോൾ അപേക്ഷകരോട് അതുസംബന്ധിച്ച ഡോക്യുമെന്റേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടേക്കാം’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.