തെക്കൻ ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രായേൽ; ഹമാസുമായി കരാറിന് തയ്യാർ, കീഴടങ്ങില്ല -നെതന്യാഹു
text_fieldsതെൽഅവിവ്: ഗസ്സക്ക് നേരെ ആറുമാസമായി തുടരുന്ന നരനായാട്ടിനൊടുവിൽ തെക്കൻ ഗസ്സയിൽനിന്ന് കൂടുതൽ കരസേനയെ ഇസ്രായേൽ പിൻവലിച്ചു. തങ്ങളുടെ ഒരു ബ്രിഗേഡ് മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂവെന്ന് ഇസ്രായേൽ പ്രതിരോധ സേന വക്താവ് ഞായറാഴ്ച അറിയിച്ചു.
98ാം ഡിവിഷന്റെ മൂന്നു ബ്രിഗേഡുകളെയാണ് പിൻവലിച്ചത്. നിലവിൽ ഒരു ഡിവിഷൻ മാത്രമാണ് അവശേഷിക്കുന്നത്. അടുത്തഘട്ട സൈനിക നീക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ഐ.ഡി.എഫിന്റെ വിശദീകരണം.
എന്തിനുവേണ്ടിയാണ് ഈ നീക്കമെന്ന് ഇസ്രായേൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിസർവ് സൈനികരെ ഒഴിവാക്കാനും ഗസ്സയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സഖ്യകക്ഷിയായ അമേരിക്ക സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് സൈനിക നീക്കമെന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അതേസമയം, ലക്ഷക്കണക്കിന് ഗസ്സക്കാർ അഭയം പ്രാപിച്ച റഫയിൽ കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സൈനികരെ പിൻവലിച്ചതെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്.
ഇസ്രായേലിന് നേരെയല്ല ഹമാസിന് നേരെയാണ് അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തേണ്ടതെന്ന് കാബിനറ്റ് യോഗത്തിന് ശേഷം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ’ഹമാസുമായി കരാറിന് ഇസ്രായേൽ തയ്യാറാണെങ്കിലും കീഴടങ്ങാൻ തയ്യാറല്ല. ബന്ദിമോചന -വെടിനിർത്തൽ ചർച്ചയിൽ ഹമാസ് മുന്നോട്ടുവെക്കുന്ന കടുത്ത നിബന്ധനകൾക്കോ അന്താരാഷ്ട്ര സമ്മർദ്ദത്തിനോ ഇസ്രായേൽ വഴങ്ങില്ല’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.