ബൈഡൻ വിജയിച്ചാൽ 'കമ്യൂണിസ്റ്റായ'കമല ഹാരിസ് ഒരുമാസത്തിനകം പ്രസിഡൻറ് സ്ഥാനം പിടിച്ചടക്കും- ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എതിരാളികളായ ജോ ബൈഡനും വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമലാ ഹാരിസിനുമെതിരെ ആക്രമണം കടുപ്പിച്ച് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റ് സ്ഥാനാർഥിയായ ബൈഡൻ വിജയിക്കുകയാണെങ്കിൽ കമലാ ഹാരിസ് ഒരുമാസം കൊണ്ട് പ്രസിഡൻറ് സ്ഥാനം പിടിച്ചടക്കുമെന്ന് ട്രംപ് ഏറ്റവും പുതിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ഡെമോക്രാറ്റിക്-റിപ്പബ്ലിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികളുടെ തുറന്ന സംവാദത്തിലെ ആരോപണവും മറുപടിയും അമേരിക്കയിൽ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് കമല ഹാരിസിനെതിരെ തിരിഞ്ഞത്.
'നമുക്കൊരു കമ്യൂണിസ്റ്റിനെയാണ് ലഭിക്കാൻ പോകുന്നത്. ഞാൻ ജോയുടെ അടുത്തിരുന്ന് അദ്ദേഹത്തെ നോക്കി. അദ്ദേഹം രണ്ട് മാസത്തിൽ കുടുതൽ പ്രസിഡൻറ് പദവിയിൽ ഇരിക്കാൻ പോകുന്നില്ല. ഇതാണ് എെൻറ അഭിപ്രായം'- വൈസ് പ്രസിഡൻറ് സ്ഥാനാർഥികളുടെ സംവാദം കഴിഞ്ഞ് നടന്ന ആദ്യ അഭിമുഖത്തിൽ ട്രംപ് വ്യാഴാഴ്ച ഫോക്സ് ന്യൂസിനോട് പറഞ്ഞു.
സൈനിക ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ട്രംപ് ടെലിഫോണിലാണ് ഒരുമണിക്കൂറിനടുത്ത് മാത്രം ദൈർഖ്യമുള്ള അഭിമുഖം നൽകിയത്. 'അവർ കമ്യൂണിസ്റ്റാണ്, സോഷ്യലിസ്റ്റ് അല്ല, അവർ സോഷ്യലിസ്റ്റിനും അപ്പുറത്താണ്. അവളുടെ വീക്ഷണങ്ങൾ പരിശോധിച്ച് നോക്കൂ. നമ്മുടെ അതിർത്തികൾ തുറന്ന് കൊലപാതകികളും അക്രമികളും പീഡകൻമാരും രാജ്യത്തേക്ക് വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്' -ട്രംപ് പറഞ്ഞു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡോണൾഡ് ട്രംപിന്‍റെ കോവിഡ് പ്രതിരോധമെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസ് കഴിഞ്ഞ ദിവസം നടന്ന സംവാദത്തിൽ ആരോപിച്ചിരുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് സർക്കാർ സമ്പൂർണ പരാജയമാണ്. ഏറ്റവും കുറഞ്ഞത് സത്യാവസ്ഥ ജനങ്ങളോട് തുറന്നു പറയാനെങ്കിലും പ്രസിഡന്‍റ് തയാറാകണം. സ്വന്തം ആരോഗ്യം സംബന്ധിച്ചും നികുതി സംബന്ധിച്ചും ട്രംപ് കള്ളം പറയുകയാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാപാര യുദ്ധത്തിൽ യു.എസ് പരാജയപ്പെട്ടെന്നും ചൈനയുടെ കുഴലൂത്തുകാരായി ട്രംപ് സർക്കാർ മാറിയെന്നും കമല ചൂണ്ടിക്കാട്ടി. വർണവെറിയന്മാരെ അനുകൂലിക്കുന്ന ട്രംപിന്‍റെ നിലപാടിന് വ്യത്യസ്തമായി അമേരിക്കയെ ഒന്നിപ്പിച്ച് നിർത്താൻ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന് സാധിക്കുമെന്നും കമല ഹാരിസ് യൂട്ടാ സർവകലാശാല വേദിയിൽ നടന്ന സംവാദത്തിൽ വ്യക്തമാക്കി.
കമലയുടെ ആരോപണം തള്ളിയ റിപ്പബ്ലിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി മൈക് പെൻസ്, ജനങ്ങളുടെ ജീവൻവെച്ച് രാഷ്ട്രീയം കളിക്കുകയാണ് ഡെമോക്രാറ്റുകൾ ചെയ്യുന്നതെന്ന് തിരിച്ചടിച്ചു. കോവിഡ് പ്രതിരോധ മരുന്ന് ഈ വർഷം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മരുന്ന് പരീക്ഷണത്തെ ഡെമോക്രാറ്റുകൾ ഇകഴ്ത്തുകയാണെന്നും പെൻസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.