തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്
text_fieldsജോർജിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തനിക്ക് രാജ്യം വിടേണ്ട അവസ്ഥയാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച ജോർജിയയിലെ മാകോണിൽ നടന്ന റാലിക്കിടെയാണ് ട്രംപിന്‍റെ പ്രസ്താവന.
'തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റാൽ എന്തുണ്ടാകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എനിക്ക് അത്ര നല്ലതാകില്ല. ചിലപ്പോൾ എനിക്ക് രാജ്യം വിടേണ്ടിവരും. അറിയില്ല' -ട്രംപ് പറഞ്ഞു.
കോവിഡ് വ്യാപനം, സാമ്പത്തിക മുരടിപ്പ്, വർണവിവേചനം തുടങ്ങിയ വിഷയങ്ങളാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാകുന്നത്.
മാകോണിലെ റാലിയിൽ കോവിഡിനെ കുറിച്ചും സാമ്പത്തിക രംഗത്തെ കുറിച്ചും ട്രംപ് സംസാരിച്ചിരുന്നു. അപൂർവമായാണ് ട്രംപ് ഇവയെ കുറിച്ച് തെരഞ്ഞെടുപ്പ് വേദികളിൽ സംസാരിക്കാറ്. എന്നാൽ, കോവിഡും സമ്പദ് വ്യവസ്ഥയിലെ വെല്ലുവിളികളും എതിരാളികൾ ആയുധമാക്കുന്നതിനെ കുറിച്ചും മാധ്യമങ്ങൾ, ടെക്നോളജി കമ്പനികൾ തുടങ്ങിയവ തനിക്കെതിരായതിനെ കുറിച്ചുമുള്ള പരാതികളാണ് ട്രംപ് പ്രധാനമായും പറഞ്ഞത്.
തനിക്ക് തെരഞ്ഞെടുപ്പിന് വേണ്ടി എത്ര പണം വേണമെങ്കിലും സമാഹരിക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ഫണ്ട് സമാഹരിക്കുന്നയാളാകാൻ കഴിയും. എന്നാൽ, ഞാനത് ചെയ്യുന്നില്ല -ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ ഉയർത്തുന്നത്. നവംബർ മൂന്നിനാണ് യു.എസിൽ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.