'ദുരൂഹ സാഹചര്യത്തിൽ ഞാൻ മരിച്ചാൽ...'; മുന്നറിയിപ്പ് ട്വീറ്റുമായി ഇലോൺ മസ്ക്
text_fieldsവാഷിങ്ടൺ: ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌കിന്‍റെ ഒരു ട്വിറ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യുന്നത്. ദുരൂഹ സാഹചര്യങ്ങളിൽ താന്‍ മരണപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പരാമർശിക്കുന്ന ട്വിറ്റ് ഇന്ന് രാവിലെയാണ് മസ്ക് പങ്കുവെച്ചത്.
"നിഗൂഢമായ സാഹചര്യങ്ങളിൽ ഞാൻ മരിക്കുകയാണെങ്കിൽ, നിങ്ങളെ അറിയാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ട്"- മസ്ക് ട്വിറ്റ് ചെയ്തു. 44 ബില്യൺ ഡോളറിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങുമെന്ന് മസ്ക് പ്രഖ്യാപിച്ച് ഒരാഴ്ചക്ക് ശേഷമാണ് ഈ ട്വിറ്റ് എന്നതും ശ്രദ്ധേയമാണ്.
കൂടാതെ, ഈ ട്വിറ്റിന് ഒരു മണിക്കൂർ മുമ്പ് ഒരു റഷ്യൻ ഉദ്യോഗസ്ഥൻ നടത്തിയ ആശയവിനിമയം സംബന്ധിച്ച മറ്റൊരു പോസ്റ്റും മസ്ക് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. യുക്രെയ്നിലെ ഫാസിസ്റ്റ് സേനക്ക് സ്റ്റാർലിങ്ക് സേവനങ്ങളിലൂടെ സൈനിക ആശയവിനിമയ ഉപകരണങ്ങൾ നൽകിയതിന് മസ്കിനെ വിമർശിച്ചാണ് പോസ്റ്റുണ്ടായിരുന്നത്. യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ആസ്ഥാനമായ പെന്റഗണിൽ നിന്നാണ് ആശയവിനിമയ ഉപകരണങ്ങൾ യുക്രെയ്‌നിൽ എത്തിച്ചതെന്നും ഇതിൽ പരാമർശമുണ്ട്.
ഈ രണ്ടും പോസ്റ്റുകളും താരത്മ്യം ചെയ്ത് റഷ്യയിൽ നിന്ന് മസ്ക് ഭീഷണി നേരിടുന്നുവെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്നിലെ ഒരു മന്ത്രിയുടെ ആവശ്യപ്രകാരം മസ്ക് നേരിട്ട് ഇടപെട്ടാണ് രാജ്യത്ത് സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.