അധികം കളിച്ചാൽ ആണവ യുദ്ധം; റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ പ്രത്യാഘാതം ഓർക്കണം -പുടിൻ
text_fieldsമോസ്കോ: ഏതെങ്കിലും രാജ്യങ്ങൾ യുക്രെയ്നിലേക്ക് സൈനികരെ അയച്ച് റഷ്യക്കെതിരെ തിരിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ദാരുണമായ ആണവയുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ വാർഷിക ടെലിവിഷൻ പ്രഭാഷണത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘ബാൽക്കൺ രാജ്യങ്ങളുടെ പിന്തുണ നേടാനാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ശ്രമിക്കുന്നത്. സംയുക്തമായി ആയുധം നിർമിക്കുന്നത് സംബന്ധിച്ച് രണ്ടുദിവസത്തെ തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ ചർച്ച ചെയ്തു.
സൈന്യത്തെ അയക്കുന്നതും ചർച്ച ചെയ്തതായി അവർ പ്രഖ്യാപിച്ചു. അവരുടെ മണ്ണിൽ എത്തുന്ന ആയുധങ്ങൾ റഷ്യയുടെ കൈവശമുണ്ടെന്ന് മനസ്സിലാക്കണം. നമ്മുടെ സൈന്യം യുക്രെയ്നിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. റഷ്യയെ ആയുധമത്സരത്തിലേക്ക് എടുത്തുചാടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നത്. വിഭവങ്ങൾ യുക്തിപൂർവം വിതരണം ചെയ്യേണ്ടത് പ്രധാനമാണ്.
റഷ്യക്കുപകരം ആശ്രിതരെയും തോന്നുന്നതെല്ലാം ചെയ്യാൻ കഴിയുന്ന അന്തരീക്ഷവുമാണ് പാശ്ചാത്യൻ ശക്തികൾ ആഗ്രഹിക്കുന്നത്. റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ മുമ്പ് അതിന് ശ്രമിച്ചവരുടെ വിധി ഓർക്കണം. എന്നാൽ, ഇനി അങ്ങനെയൊന്നുണ്ടായാൽ പ്രത്യാഘാതം ദാരുണമായിരിക്കും’. -പുടിൻ പറഞ്ഞു. അതിനിടെ മൂന്ന് റഷ്യൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി യുക്രെയ്നും യുക്രെയ്നിന്റെ 1200ലേറെ സൈനികരെ 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയതായി റഷ്യയും അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.