അഫ്ഗാൻ അധിനിവേശത്തിൽ നിയമവിരുദ്ധ കൂട്ടക്കൊല: ബ്രിട്ടീഷ് സേനക്കെതിരെ വെളിപ്പെടുത്തലുമായി ബി.ബി.സി
text_fieldsകൂടുതൽ കൊല നടത്താൻ ചിലർ മത്സരബുദ്ധിയോടെ പ്രവർത്തിച്ചു
സൈനികരിൽ ചിലർ
നിരായുധരായ മനുഷ്യരെ
റെയ്ഡുകളിൽ കൊല്ലുന്നത്
കണ്ടെന്നും വെളിപ്പെടുത്തൽ
ലണ്ടൻ: അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ അധിനിവേശ കാലത്ത് ബ്രിട്ടന്റെ 'പ്രത്യേക വ്യോമസേന' (എസ്.എ.എസ്) വ്യാപക കൊല നടത്തിയതായി ബി.ബി.സി റിപ്പോർട്ട്. ദുരൂഹ സാഹചര്യത്തിൽ കണ്ട നിരവധി പേരെ എസ്.എ.എസ് വധിച്ചുവെന്നാണ് ബി.ബി.സി അന്വേഷണ റിപ്പോർട്ട് പറയുന്നത്. ഒരു യൂനിറ്റ് അവരുടെ ആറുമാസക്കാലത്തെ പോസ്റ്റിങ്ങിനിടെ 54 പേരെ നിയമവിരുദ്ധമായി കൊന്നിരിക്കാം.
കൊലസംബന്ധിച്ച അന്വേഷണം വന്നപ്പോൾ പ്രത്യേക സേനയുടെ മുൻ തലവൻ വിവരങ്ങൾ കൈമാറിയില്ലെന്നതിലേക്ക് വിരൽചൂണ്ടുന്ന സൂചനകളും ലഭിച്ചു. ബ്രിട്ടീഷ് സേന തികഞ്ഞ പ്രഫഷണലിസത്തോടെയും ആത്മധൈര്യത്തോടെയുമാണ് അഫ്ഗാനിൽ പ്രവർത്തിച്ചതെന്ന യു.കെ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദത്തിനെതിരായ വിവരങ്ങളാണ് ബി.ബി.സി റിപ്പോർട്ടിലുള്ളത്. യു.കെ പ്രത്യേക സേനയുടെ മുൻ മേധാവിയായ ജനറൽ മാർക് കാർലെറ്റൺ-സ്മിത്തിന് നിയമവിരുദ്ധ കൊലയെക്കുറിച്ച് വിവരമുണ്ടായിരുന്നു. എന്നാൽ, എസ്.എ.എസ് സ്ക്വാഡ്രണിന്റെ നേതൃത്വത്തിൽ നടന്ന കൊല സംബന്ധിച്ച് റോയൽ മിലിട്ടറി പൊലീസ് അന്വേഷണം തുടങ്ങിയിട്ടും ഈ വിവരം അദ്ദേഹം പങ്കുവെച്ചില്ല. കഴിഞ്ഞ മാസം വിരമിക്കുമ്പോൾ ജനറൽ കാർലെറ്റൻ സൈനിക മേധാവിയായിരുന്നു. പുതിയ കണ്ടെത്തലിനോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. എസ്.എ.എസ് പ്രവർത്തനം സംബന്ധിച്ച നൂറുകണക്കിന് പേജുകൾ വിശകലനം ചെയ്താണ് ബി.ബി.സി റിപ്പോർട്ട് തയാറാക്കിയത്. ഹെൽമന്ദ് മേഖലയിൽ 2010-11 കാലത്ത് സേവനമനുഷ്ഠിച്ച എസ്.എ.എസ് വിഭാഗത്തിൽപെട്ടവർ, തങ്ങളുടെ സൈനികരിൽ ചിലർ നിരായുധരായ മനുഷ്യരെ രാത്രി റെയ്ഡുകളിൽ കൊല്ലുന്നത് കണ്ടെന്ന് വെളിപ്പെടുത്തി. തുടർന്ന് ഈ കൊലയെ ന്യായീകരിക്കാൻ അവിടെ ആയുധം വെച്ചുപോരുന്ന രീതിയും ഉണ്ടായിരുന്നു. കൂടുതൽ കൊല നടത്താൻ മത്സരബുദ്ധിയോടെയാണ് ചിലർ പ്രവർത്തിച്ചത്. ഇത്തരം നിയമവിരുദ്ധ കൊലയെക്കുറിച്ച് ചില ഉന്നത ഉദ്യോഗസ്ഥർക്ക് സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യം അവർ സൈനിക പൊലീസിന് റിപ്പോട്ട് ചെയ്തില്ല. ഈ ആരോപണത്തിൽ പ്രതികരണത്തിനില്ലെന്നും എന്നാൽ പ്രതികരിക്കാത്തത് സംഭവം ശരിയാണ് എന്ന് അംഗീകരിക്കുന്നതായി കരുതേണ്ടെന്നുമാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.2010 നവംബറിൽ അഫ്ഗാനിലെത്തിയ എസ്.എ.എസ് സ്ക്വാഡ്രന്റെ ആറുമാസകാലത്തെ ദൗത്യമാണ് ബി.ബി.സി കാര്യമായി വിലയിരുത്തിയത്. ഈ സേന വിഭാഗം ഹെൽമന്ദ് പ്രവിശ്യയിലാണ് മിക്കവാറും പ്രവർത്തിച്ചിരുന്നത്.
താലിബാൻ സാന്നിധ്യവും ആക്രമണവും സജീവമായ പ്രദേശമായിരുന്നു ഇത്. താലിബാൻ നേതൃത്വത്തെ പിടികൂടാനും അവരുടെ ബോംബ് നിർമാണ ശൃംഖല തകർക്കാനും വേണ്ടിയുള്ള തിരച്ചിലുകൾ നടത്തുക, വേണ്ടി വന്നാൽ എതിരാളികളെ വധിക്കുക തുടങ്ങിയവയായിരുന്നു പ്രവർത്തനത്തിന്റെ സ്വഭാവം. ഇന്റലിജൻസ് സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മ കൊണ്ട്, താലിബാനുവേണ്ടിയുള്ള തെരച്ചിൽ പല സമയത്തും സിവിലിയന്മാർക്കുനേരെയുള്ള അതിക്രമമായി മാറിയെന്ന് വിവിധ കേന്ദ്രങ്ങൾ ബി.ബി.സിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.