'ഞാൻ രണ്ട് കുട്ടികളുടെ പിതാവാണ്, അങ്ങനെ ചെയ്യില്ല' ആരോപണം നിഷേധിച്ച് സെലൻസ്കി
text_fieldsകിയവ്: വലിയ തോതിൽ ആളുകളെ കൊന്നൊടുക്കാനായി യുക്രെയ്ൻ രാസായുധങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്ന റഷ്യൻ ആരോപണം നിഷേധിച്ച് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. മാരകമായ രീതിയിലും വലിയ തോതിലും ആളുകളെ കൊല്ലാനായി യുക്രെയ്ൻ ജൈവായുധങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇതവസാനിപ്പിച്ചില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യ കുറ്റപ്പെടുത്തിയതിന് മറുപടി പറയുകയായിരുന്നു സെലൻസ്കി.
'മികച്ച ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റാണ് ഞാൻ. മാത്രമല്ല രണ്ടു കുട്ടികളുടെ പിതാവുമാണ്. രാസായുധങ്ങളോ അതുപോലെ വലിയ തോതിൽ ആളുകളെ കൊല്ലുന്ന മറ്റെന്തെങ്കിലും ആയുധങ്ങളോ ഞങ്ങളുടെ രാജ്യം വികസിപ്പിച്ചിട്ടില്ല.' ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത വിഡിയോയിൽ സെലൻസ്കി പറഞ്ഞു.
എല്ലാ രാജ്യങ്ങൾക്കും അതറിയാം, നിങ്ങൾക്കറിയാം. റഷ്യ അതുപോലെ എന്തോ ഒന്ന് ഞങ്ങൾക്കെതിരായി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അതിന്‍റെ അനന്തരഫലം വലുതായിരിക്കും- സെലൻസ്കി പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനഷെങ്കോവാണ് യുക്രെയ്നെതിരെ ആരോപണം ഉന്നയിച്ചത്. യുക്രെയ്ൻ നടത്തുന്ന ജൈവായുധ പരീക്ഷണങ്ങൾക്കുവേണ്ട പണം യു.എസാണ് ചെലവഴിക്കുന്നതെന്നും യു.എസ് മിലിറ്ററിയുടെ യുക്രെയ്നിലെ പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഇഗോർ കൊനഷെങ്കോവ് വിശദീകരിച്ചത്.
പക്ഷികൾ, വവ്വാൽ, ഉരഗങ്ങൾ എന്നിവയെയാണ് രോഗപകർത്താനായി വാഷിങ്ടൺ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. പക്ഷിപ്പനി, അന്ത്രാക്സ് എന്നിവയുടെ രോഗാണു പകർത്താനാണ് ലക്ഷ്യമിടുന്നത്. വവ്വാലുകളിൽ കൊറോണ വൈറസ് സാമ്പിളുകൾ പരീക്ഷിക്കുന്ന ബയോലാബറട്ടറികൾ യുക്രെയ്നിൽ യു.എസ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യുക്രെയ്ൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ക്ക് ശേഷം റഷ്യൻ വിദേശ കാര്യ മന്തരി സെർഗി ലാവ്റോവ് ഈ ആരോപണങ്ങൾ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.