തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏറ്റവും യോഗ്യൻ താനെന്ന് ബൈഡൻ
text_fieldsവാഷിങ്ടൺ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏറ്റവും യോഗ്യൻ താനാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വിജയിക്കാൻ ഏറ്റവും മികച്ച യോഗ്യതയുള്ളയാൾ താനാണെന്ന് കരുതുന്നു. ട്രംപിനെ തോൽപ്പിക്കാൻ കഴിയുന്ന മറ്റ് ചിലരുമുണ്ട്. എന്നാൽ, അവർ മത്സരരംഗത്തേക്ക് എത്തുകയാണെങ്കിൽ പ്രചാരണം ആദ്യം മുതൽ തുടങ്ങേണ്ടി വരും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോശമായല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. 220 മില്യൺ ഡോളർ ഇതുവരെ പ്രചാരണത്തിനായി സ്വരൂപിച്ചുവെന്നും ട്രംപ് പറഞ്ഞു. കമല ഹാരിസിന് പ്രസിഡന്റാകാൻ യോഗ്യതയുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഇസ്രായേലിനെ പറഞ്ഞ് മനസിലാക്കാൻ തനിക്ക് സാധിക്കുമെന്ന് കരുതുന്നു. ഈജിപ്ത്, ജോർദാൻ, അറബ് നേതാക്കൾ എന്നിവരുമായി ചർച്ച ചെയ്ത് ഗസ്സക്ക് കൂടുതൽ മരുന്നുകളുൾപ്പടെയുള്ള സഹായവും നൽകാൻ സാധിച്ചുവെന്നും ബൈഡൻ അവകാശപ്പെട്ടു.
ഈ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കിടയിൽ ഹമാസിനെതിരായ വികാരം ശക്തമാവുന്നുണ്ട്. ഹമാസ് ഇപ്പോൾ അത്രത്തോളം ജനകീയമല്ലെന്നും ബൈഡൻ പറഞ്ഞു. ഓരോ ദിവസവും വിദഗ്ധരായ ഡോക്ടർമാർ തന്നെ പരിശോധിക്കാറുണ്ട്. ഒരു തവണ താൻ ന്യൂറോളജിക്കൽ പരിശോധനക്ക് വിധേയനായി. വേണമെങ്കിൽ വീണ്ടും പരിശോധനക്ക് ഒരുക്കമാണെന്നും തന്റെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് ബൈഡൻ പ്രതികരിച്ചു.
റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിക്കാൻ താൻ തയാറാണ്. എന്നാൽ, ഇപ്പോഴുള്ള സ്വഭാവം മാറ്റാൻ പുടിൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും ബൈഡൻ പിന്മാറണമെന്ന ഡെമോക്രാറ്റുകൾക്കിടയിൽ നിന്നു തന്നെ ആവശ്യമുയരുന്നതിനിടെയാണ് ബൈഡന്റെ വാർത്തസമ്മേളനമെന്നതും ശ്രദ്ധേയമാണ്. എന്നാൽ, വാർത്താസമ്മേളനത്തിന് ശേഷം ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറണമെന്ന് ചില ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.