റഫ അതിർത്തിയിൽ കാത്തിരിക്കുന്നത് ആയിരങ്ങൾ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ
text_fieldsഗസ്സ സിറ്റി: ഈജിപ്ത്-ഫലസ്തീൻ അതിർത്തിയായ റഫയിൽ ആയിരങ്ങൾ കാത്തിരിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ. റഫ അതിർത്തിയുടെ ഒരുഭാഗത്ത് ജനങ്ങളും മറുഭാഗത്ത് സഹായവുമായെത്തിയ ട്രക്കുകളും കാത്തുകിടക്കുകയാണ്. എന്നാൽ അതിർത്തി തുറക്കാൻ ഈജിപ്ത് ഇനിയും തയ്യാറായിട്ടില്ല.
ഇസ്രായേലിന്റെ കനത്ത ഉപരോധം കാരണം അത്യാവശ്യ സാധനങ്ങളൊന്നും ഗസ്സയിൽ ലഭ്യമല്ല. ഭക്ഷണ വസ്തുക്കൾ, മരുന്ന്, ഇന്ധനം, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയൊന്നും കിട്ടാത്ത അവസ്ഥയാണ്. അതിർത്തിക്ക് സമീപം ഭക്ഷണവും മരുന്നുകളും വാട്ടർ പ്യൂരിഫയറുകളും പുതപ്പുകളും മറ്റും നിരവധി എത്തിച്ചേർന്നതായാണ് റിപ്പോർട്ട്. നേരത്തേ തീരുമാനിച്ചപോലെ റഫയിൽകൂടി ചരക്കുവാഹനങ്ങൾ കടത്തിവിടുമോ എന്ന സംശയം വർദ്ധിക്കുന്നു. വെള്ളിയാഴ്ച അതിർത്തി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനപ്രതിനിധി ബോസ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇത് സംഭവിക്കുമോ എന്ന് തങ്ങൾ ആശങ്കാകുലരാണ്.
20 ട്രക്കുകൾ മാത്രം അനുവദിക്കുന്നതിനായി ബൈഡൻ ഉണ്ടാക്കിയ കരാറിനെ ‘ആവശ്യത്തിന്റെ സമുദ്രത്തിലെ ഒരു തുള്ളി’ എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ മൈക്കൽ റയാൻ വിശേഷിപ്പിച്ചത്. ഇത് 2,000 ട്രക്കുകൾ എങ്കിലും ആക്കി വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം റഫയിലേക്കുള്ള വഴിയിലോ 951 ടൺ ഭക്ഷണവുമായി ട്രക്കുകൾ കാത്തിരിക്കുണ്ടെന്ന് അറിയിച്ചു. അതിനിടെ, ഗസ്സയിൽ മരിച്ചവരിൽ നൂറോളം പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനെ തന്‍റെ രാജ്യം പിന്തുണക്കുമെന്ന് റിയാദിൽ സൗദി നേതാക്കളെ കണ്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. അതിനിടെ യെമനിൽ നിന്നു വന്ന മൂന്ന് മിസൈലുകൾ യു.എസ് പടക്കപ്പൽ തകർത്തതായി പെന്‍റഗണ്‍ അറിയിച്ചു. ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം നടന്നതായും പെൻറഗൺ വക്താവ് വെളിപ്പെടുത്തി.
നിലവിലെ സാഹചര്യം മുതലെടുത്ത് സംഘർഷത്തിന് മേഖലയിലെ രാജ്യങ്ങളും കൂട്ടായ്മകളും തുനിഞ്ഞാൽ മറുപടി പരുക്കനായിരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ മുന്നറിയിപ്പ്. ശത്രുവിനെ കാത്തിരിക്കുന്നത് കൂടുതൽ കടുപ്പമേറിയ ആക്രമണം ആയിരിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ താക്കീത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.