ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് അറസ്റ്റിൽ
text_fieldsയൂനിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ജയിലിലേക്ക് മാറ്റുന്നു
സോൾ: ദക്ഷിണ കൊറിയയിൽ ഇംപീച്ച്മെന്റ് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൾ നാടകീയ നീക്കങ്ങൾക്കൊടുവിൽ അറസ്റ്റിൽ. രാജ്യത്തെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കി ഡിസംബർ മൂന്നിന് പട്ടാളനിയമം പ്രഖ്യാപിച്ചത് സൈനിക അട്ടിമറിശ്രമമായി പരിഗണിച്ചാണ് നടപടി. പ്രസിഡന്റിന്റെ സുരക്ഷവിഭാഗം ഉയർത്തിയ ബാരിക്കേഡുകൾ ചാടിക്കടന്നും കമ്പിവേലികൾ തകർത്തുമായിരുന്നു അറസ്റ്റ്. രാജ്യത്ത് ആദ്യമായാണ് പദവിയിലിരിക്കെ പ്രസിഡന്റ് അറസ്റ്റിലാകുന്നത്. ജനുവരി മൂന്നിന് സമാനമായി അറസ്റ്റ് നീക്കം നടന്നത് സുരക്ഷവിഭാഗത്തിന്റെ ഇടപെടലിൽ വിഫലമായിരുന്നു.
എന്നാൽ, ബുധനാഴ്ച രാവിലെ തലസ്ഥാന നഗരമായ സോളിലെ സ്വവസതിയിൽ ആയിരത്തോളം വരുന്ന പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും സജ്ജീകരണങ്ങളുമായെത്തി ഇരച്ചുകയറുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പ്രാദേശിക സമയം പത്തരയോടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. നടപടിക്ക് തൊട്ടുമുമ്പ് യൂൻ പുറത്തുവിട്ട മൂന്നുമിനിറ്റ് വിഡിയോയിൽ അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും എന്നാൽ, അറസ്റ്റ് വാറന്റ് നിയമവിരുദ്ധമാണെന്നും ആവർത്തിച്ചു.
ഗിയോൻഗ്ഗി പ്രവിശ്യയിലെ ഉയ്വാങ്ങിലെ ജയിലിൽ 48 മണിക്കൂർ വരെ തടവിൽ വെക്കുന്ന യൂനിന്റെ കസ്റ്റഡി തുടരാൻ പുതിയ വാറന്റ് ആവശ്യമാണ്. തുടർന്ന് 20 ദിവസം ഇതുവെച്ച് അന്വേഷണത്തിനായി കസ്റ്റഡിയിൽ വെക്കാം. അറസ്റ്റിനെതിരെ യൂൻ അനുകൂലികൾ രാജ്യത്ത് പ്രതിഷേധവുമായി ഇറങ്ങിയപ്പോൾ പ്രതിപക്ഷം ആഘോഷങ്ങളും സംഘടിപ്പിച്ചു.
ഏപ്രിലിൽ നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കേറ്റ തിരിച്ചടിയുടെ തുടർച്ചയായി രൂപപ്പെട്ട പ്രതിസന്ധിയാണ് ഡിസംബർ മൂന്നിന് പട്ടാളഭരണം പ്രഖ്യാപിക്കുന്നതിലെത്തിച്ചത്. എം.പിമാർ പാർലമെന്റിലെത്തി ഇതിനെതിരെ പ്രതികരിച്ചതോടെ മണിക്കൂറുകൾക്കകം പിൻവലിച്ചു.
രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാക്കിയെന്നാരോപിച്ചാണ് പ്രസിഡന്റിനെതിരെ നിയമനടപടി തുടങ്ങിയത്. ഇംപീച്ച്മെന്റ് പാസായതോടെ ഇടക്കാല പ്രസിഡന്റ് ചുമതലയേറ്റിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.