ഇന്ത്യവഴി യൂറോപ്പിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതി : നിയന്ത്രിക്കാൻ സമ്മർദവുമായി ഇ.യു
text_fieldsലണ്ടൻ: റഷ്യക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധം മറികടന്ന് ഇന്ത്യ വഴി എണ്ണ കടത്തുന്നത് തടയാൻ നടപടിക്ക് സമ്മർദം. യൂറോപ്യൻ യൂനിയൻ വിദേശനയ ഉന്നതതല പ്രതിനിധി ജോസപ് ബോറലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. റഷ്യൻ എണ്ണ വൻതോതിൽ യൂറോപ്പിൽ എത്തുന്നുണ്ടെന്നും ഉപരോധം മറികടക്കാൻ ഇന്ത്യയിൽ സംസ്കരിച്ചാണ് അവ എത്തുന്നതെന്നും ബോറൽ പറഞ്ഞു. ഇത് ഉപരോധം മറികടക്കാനുള്ള നീക്കമായതിനാൽ അംഗരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്ക് വിലക്ക് പ്രഖ്യാപിച്ച ശേഷം റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തുന്നത് വൻതോതിൽ വർധിച്ചതായാണ് കണക്ക്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എണ്ണ ഇന്ത്യൻ കമ്പനികൾ സംസ്കരിച്ച് രാജ്യാന്തര വിപണി വില നിരക്കിൽ യൂറോപ്പിലേക്ക് കയറ്റി അയക്കുകയാണ്.
അതേ സമയം, അസംസ്കൃത എണ്ണ കയറ്റുമതിക്കുള്ള വിലക്ക് സംസ്കരിച്ച എണ്ണയ്ക്ക് ബാധകമല്ലെന്ന ഇളവ് ഉപയോഗപ്പെടുത്താമെന്നത് കടുത്ത നടപടികൾക്ക് കുരുക്കാകും. നേരത്തേ ഉപരോധം നിലവിലുള്ള ഇറാൻ, വെനിസ്വേല അടക്കം രാജ്യങ്ങളിൽനിന്നുള്ള അസംസ്കൃത എണ്ണ പോലും സംസ്കരിച്ചാൽ കുഴിച്ചെടുത്ത രാജ്യത്തിന്റേതായി പരിഗണിക്കില്ലെന്നാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.