എവിടെനിന്ന് വരുന്നു, ഈ ആയുധങ്ങളത്രയും?
text_fieldsഗസ്സയിൽ ഇസ്രായേൽ സൈന്യം പ്രയോഗിച്ച ആയുധങ്ങൾ നൽകിയ രാജ്യങ്ങൾ ഏതൊക്കെ?
ലോകത്തെ വലിയ ആയുധ നിർമാതാക്കളുടെ പട്ടികയിൽ ഇസ്രായേലുമുണ്ടെങ്കിലും, അവരുടെ പ്രതിരോധ, അധിനിവേശ ആവശ്യങ്ങൾക്കായി ഏറിയ പങ്കും ഇറക്കുമതി ചെയ്യുകയാണ്. നിലവിൽ, ലോകത്ത് ആയുധ ഇറക്കുമതിയിൽ 15ാം സ്ഥാനത്താണ് ഇസ്രായേൽ. പത്ത് വർഷം മുമ്പ് 47 ആയിരുന്നു ഇത്. പ്രധാനമായും മൂന്ന് രാജ്യങ്ങളാണ് ഇസ്രായേലിന് ആയുധം നൽകി സഹായിക്കുന്നത്: അമേരിക്ക, ജർമനി, ഇറ്റലി. തൊട്ടുപിന്നാലെ, ബ്രിട്ടനും ഫ്രാൻസും സ്പെയിനുമുണ്ട്.
അമേരിക്ക
ഇസ്രായേൽ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളിൽ 69 ശതമാനവും അമേരിക്കയിൽനിന്നാണ്. നിലവിൽ ഇസ്രായേൽ വ്യോമസേന ഉപയോഗിക്കുന്ന മിക്ക ആയുധങ്ങളും അമേരിക്കയിൽനിന്നുള്ളതാണ്. 2008ൽ, അമേരിക്കൻ കോൺഗ്രസ് തയാറാക്കിയ പ്രത്യേക നിയമപ്രകാരം, ഇസ്രായേലിന് ആവശ്യമുള്ളത്രയും ആയുധങ്ങൾ നൽകണമെന്നാണ്. 2016ൽ, അമേരിക്ക ഇസ്രായേലുമായി മറ്റൊരു ആയുധ കരാറിൽകൂടി ഒപ്പുവെച്ചു. ഇതുപ്രകാരം, 2019-28 കാലത്ത് പ്രതിവർഷം 380 കോടി ഡോളറിന്റെ സൈനിക സഹായം നൽകണം.
ഇസ്രായേലിന്റെ വിഖ്യാതമായ മിസൈൽ പ്രതിരോധ സംവിധാനങ്ങളായ അയേൺ ഡോം, ഡേവിഡ്സ് സ്ലിങ്, ആരോ എന്നിവയെല്ലാം വികസിപ്പിച്ചത് ഈ സഹായത്തിന്റെ ബലത്തിലാണ്. 2023 ഒക്ടോബർ ഏഴിനുശേഷം അമേരിക്കയുടെ സൈനിക സഹായം പിന്നെയും വർധിച്ചു. ഒക്ടോബർ 10ന് ആയിരം ജി.ബി.യു-39 ബോംബുകൾ കൈമാറി. താരതമ്യേന ചെറിയ ബോംബുകളാണിത്. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ പതിപ്പിക്കാവുന്നതും ഒരു വിമാനത്തിൽ തന്നെ കൂടുതൽ എണ്ണം വഹിക്കാനാകുന്നതുമാണ്.
2024 ജനുവരിയിൽ എഫ് 35, എഫ്15 വിമാനങ്ങളും അമേരിക്കയിൽനിന്ന് ഇസ്രായേലിലെത്തി. ജൂണിലും ആഗസ്റ്റിലും വീണ്ടും ഇതേ ഗണത്തിലുള്ള കൂടുതൽ വിമാനങ്ങൾ എത്തിച്ചു. ആഗസ്റ്റിൽ 2000 കോടിയുടെ ആയുധങ്ങളാണ് അമേരിക്ക ഇസ്രായേലിൽ എത്തിച്ചിരിക്കുന്നത്. 75 എഫ്15 വിമാനങ്ങളും 30 മിസൈലുകളും ഇതിൽ ഉൾപ്പെടും.
ജർമനി
2019-23 കാലത്ത് ഇസ്രായേലിലെത്തിയ ആയുധങ്ങളിൽ 28 ശതമാനവും ജർമനിയിൽനിന്നുള്ളതായിരുന്നു. ഇസ്രായേൽ നാവിക സേനക്കുള്ള ആയുധങ്ങളാണ് പ്രധാനമായും ജർമനി നൽകുന്നത്. ഒക്ടോബർ ഏഴിനുശേഷം കുടുതൽ ആയുധങ്ങൾ ഇവിടെനിന്ന് ജർമനിയിലെത്തി. 2024 ജനുവരിയിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേക കരാറുണ്ടാക്കി. ഇതുപ്രകാരം, 30 കോടി യൂറോ വിലമതിക്കുന്ന ആയുധങ്ങളാണ് ഇസ്രായേലിലെത്തിയത്. ഇതിൽ 3000 ആന്റി ടാങ്ക് ആയുധങ്ങളും അഞ്ചു ലക്ഷം വെടിയുണ്ടകളും ഉൾപ്പെടും. .
ഇറ്റലി, ബ്രിട്ടൻ
ഈ രണ്ട് രാജ്യങ്ങളിൽനിന്നുമായി ഒരു ശതമാനം ആയുധങ്ങളാണ് എത്തുന്നത്. ഇറ്റലി പ്രധാനമായും നൽകുന്നത് ചെറിയ ഹെലികോപ്ടറുകളാണ്. ബ്രിട്ടൻ എഫ്-35 വിമാനങ്ങൾക്കുള്ള ഉപകരണങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.