പുറത്താക്കുംമുമ്പ് സേന മേധാവിയെ തെറിപ്പിക്കാൻ ശ്രമം
text_fieldsഇസ്ലാമാബാദ്: പാക് ജനത ഞായറാഴ്ച പുതിയ പ്രഭാതത്തിലേക്ക് ഉണർന്നപ്പോൾ, കഴിഞ്ഞ രാവും പകലും നടന്ന കഠിനവും നിറംമങ്ങിയതുമായ രാഷ്ട്രീയനാടകങ്ങളുടെ ചില വിശദാംശങ്ങൾ പുറത്ത്. 'വിദേശ ഗൂഢാലോചന' എന്ന തന്റെ ആശയത്തോട് അനുകമ്പയും അനുഭാവവുമുള്ള ഒരാളെ സേന മേധാവിയായി കൊണ്ടുവരാനായിരുന്നു പ്രധാനമന്ത്രി പദത്തിലെ അവസാന മണിക്കൂറുകളിൽ ഇംറാന്റെ ശ്രമം. അതിനായി സേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയെ മാറ്റാൻ ഉത്തരവിട്ടു. അധികാരത്തിൽ അള്ളിപ്പിടിക്കാൻ ആവും വിധമെല്ലാം ഇംറാൻ ശ്രമിച്ചെന്ന വിവരമാണ് വിവിധ മാധ്യമങ്ങൾ പുറത്തുവിടുന്നത്.
ക്ഷണിക്കപ്പെടാത്ത രണ്ട് അതിഥികളുമായി ഒരു ഹെലികോപ്ടർ രാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ ഇറങ്ങി. സൈനികരുടെ അകമ്പടിയോടെ വസതിക്ക് ഉള്ളിലേക്ക് പോയെന്നുമാണ് ബി.ബി.സി റിപ്പോർട്ട്. പുതുതായി നിയമിച്ച ഉദ്യോഗസ്ഥനാകും കോപ്ടറിൽ വരുന്നതെന്നാണ് ഖാൻ പ്രതീക്ഷിച്ചത്. ഈ ഹെലികോപ്ടറിനായി കാത്തിരിക്കുകയായിരുന്നു ഇംറാൻ ഖാൻ. എന്നാൽ, കോപ്ടറിൽ വന്നവർ അദ്ദേഹത്തിന്റെ കണക്കുകൂട്ടലും പ്രതീക്ഷയും തെറ്റിച്ചു. വന്നവർ 45 മിനിറ്റോളം ഖാനുമായി ചർച്ച നടത്തി -റിപ്പോർട്ടിൽ പറയുന്നു.
ചർച്ചയെ കുറിച്ച് ഔദ്യോഗിക വിശദാംശം വന്നിട്ടില്ലെങ്കിലും സൗഹാർദപരമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നതെന്നാണ് റിപ്പോർട്ട്. വന്നവർ ആരെന്ന കാര്യം ചാനൽ വെളിപ്പെടുത്തുന്നില്ലെങ്കിലും റിപ്പോർട്ടിലെ വാക്കുകളുടെ തിരഞ്ഞെടുപ്പും പദാവലിയും സ്വരവും അവർ സൈനിക മേധാവി ബജ്വയും ഐ.എസ്.ഐ തലവൻ ലഫ്റ്റനന്റ് ജനറൽ നദീം അഹമ്മദ് അൻജും ആണെന്ന് വ്യക്തമാക്കുന്നു. ഇംറാൻ ഉത്തരവിട്ടെങ്കിലും പുതിയ നിയമന വിജ്ഞാപനം പ്രതിരോധ മന്ത്രാലയം പുറപ്പെടുവിക്കാത്തതാണ് സേന മേധാവിയെ മാറ്റാനുള്ള ശ്രമം പരാജയപ്പെടാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കരസേന മീഡിയ വിഭാഗമായ ഇന്റർ-സർവിസസ് പബ്ലിക് റിലേഷൻസ് ഈ റിപ്പോർട്ടിനെ തള്ളിക്കളഞ്ഞു. ഇത് വെറുമൊരു പ്രചാരണവും നുണകളുടെ ഒരു കൂട്ടവുമാണെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.