'സ്വാതന്ത്ര്യ' സമരത്തിന് ആഹ്വാനം ചെയ്ത് ഇംറാൻ ഖാൻ
text_fieldsകോഴിക്കോട്: രാജ്യവ്യാപക സ്വാതന്ത്ര്യസമരങ്ങൾക്ക് ആഹ്വാനം ചെയ്ത് മുൻ പാക് പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാൻ. രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാനും അനുയായികളോട് ആഹ്വാനം ചെയ്തു. അഴിമതിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമായിരുന്നു ഇംറാൻ ഖാന്‍റെ പ്രതികരണം. 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിരവധി കേസുകളിൽ കുടുങ്ങിയ താരത്തിന്‍റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച ജാമ്യം ലഭിച്ചത്.
ഇംറാൻഖാന്‍റെ അറസ്റ്റിനു പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. "സ്വാതന്ത്ര്യം എളുപ്പം ലഭിക്കുന്നതല്ല. നിങ്ങൾ അത് നേടിയെടുക്കണം. അതിനായി നിങ്ങൾ ത്യാഗം സഹിക്കണം" തന്‍റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറഞ്ഞു.ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പ്രചാരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട ഖാൻ സൈന്യത്തിനെതിരേയും ആഞ്ഞടിച്ചു. രാഷ്ട്രീയം കളിക്കണമെങ്കിൽ രഷ്ട്രീയ പാർട്ടി പാർട്ടി രൂപീകരിച്ച് സമൂഹത്തിലേക്ക് ഇറങ്ങാനും അദ്ദേഹം സൈനിക നേതൃത്വത്തെ വെല്ലുവിളിച്ചു. ഇറക്കുമതി സർക്കാർ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങി. എന്തുകൊണ്ട് സ്വന്തം പാർട്ടി രൂപീകരിച്ചു കൂടാ. ഇത്തരം നിസാര ആരോപണങ്ങൾ ഉന്നയിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്. ഞാൻ ചെയ്തിടത്തോളം സൈന്യത്തെ മറ്റാരും ഉപദ്രവിച്ചിട്ടില്ലെന്ന് പറയുന്നതിന് നാണമില്ലേ? നിങ്ങൾ ഞങ്ങളെ തകർക്കും,” ഖാൻ പറഞ്ഞു.
അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ഇംറാൻ ഖാന് ഇസ്‍ലാമാബാദ് ഹൈകോടതി കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇംറാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിനും ഹൈക്കോടതി വിലക്കുണ്ട്. ലാഹോറിൽ രജിസ്റ്റർ ചെയ്ത മൂന്ന് ഭീകരവാദക്കേസുകളിലും സില്ലെ ഷാ കൊലപാതകക്കേസിലും സംരക്ഷണ ജാമ്യവും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.