ഉടൻ ജയിൽ മോചിതനാകുമെന്ന സൂചന നൽകി ഇംറാൻ ഖാൻ
text_fieldsലാഹോർ: ഉടൻ ജയിൽ മോചിതനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അടുത്ത ഈദ് ജനങ്ങൾക്കൊപ്പം ആഘോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജയിൽ മോചിതനാകുമെന്ന് ഇംറാൻ സൂചന നൽകിയത്.
‘‘അല്ലാഹുവിൽ പൂർണ വിശ്വാസമുണ്ട്. പാകിസ്താനെ മൂടിയ ഇരുണ്ട മേഘങ്ങൾ ഉടൻ അപ്രത്യക്ഷമാകും. ഞങ്ങളുടെ പോരാട്ടത്തിന് ഫലമുണ്ടാകും. അല്ലാഹു എനിക്ക് വിജയം സമ്മാനിക്കുമെന്ന് നിശ്ചയമുണ്ട്. അടുത്ത ഈദ് എന്റെ ജനത്തോടൊപ്പം ആഘോഷിക്കും’’ എന്നാണ് ഇംറാൻ പോസ്റ്റ് ചെയ്തത്.
അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ശഹബാസ് ശരീഫ് സർക്കാർ തന്നെ തടവിൽ വെക്കുന്നത്. താൻ ജയിലിൽനിന്ന് പുറത്തിറങ്ങുന്ന ദിനം നിയമവിരുദ്ധമായ ഭരണം തകരുമെന്ന് അവർക്കറിയാമെന്നും ഇംറാൻ പറഞ്ഞു.
ഇംഗ്ലണ്ടിലുള്ള മക്കളുമായി സംസാരിക്കാനോ ആരോഗ്യ പരിശോധന നടത്താൻ ഡോക്ടറെയോ അനുവദിക്കുന്നില്ല. ഇതെല്ലാം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
3023 ആഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അതിസുരക്ഷയുള്ള അദിയാല ജയിലിൽ കഴിയുകയാണ് പി.ടി.ഐ സ്ഥാപകൻകൂടിയായ ഇംറാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.