വിദേശ ഫണ്ട് കേസിൽ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്
text_fieldsഇസ്‍ലാമാബാദ്: വിദേശ ഫണ്ട് കേസിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പി.ടി.ഐ നേതാക്കളായ താരിഖ് ഷാഫി, ഹാമിദ് സമാൻ, സെയ്ഫ് നിയാസി എന്നിവർ അറസ്റ്റിലായതിനു പിന്നാലെയാണ് പാക് മാധ്യമങ്ങളിൽ ഈ വാർത്ത പുറത്തുവന്നത്.
ഇംറാൻ ഖാനെതിരെ കേസെടുക്കാൻ ബന്ധപ്പെട്ട അധികൃതരോട് ആഭ്യന്തരമന്ത്രി റാണ സനാവുല്ല നിർദേശം നൽകിയിട്ടുണ്ട്. പാക്സർക്കാരിനെതിരെ മാർച്ച് സംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നായെ ഇംറാനെ വീട്ടുതടങ്കലിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സൈബർ വിങ് ആണ് സൈഫുല്ല നിയാസിയെ കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി ഫണ്ട് ശേഖരിക്കുന്നതിനായി അനധികൃത വെബ്സൈറ്റ് നടത്തുന്നുവെന്ന് എന്ന് കാണിച്ചാണ് നടപടി. പാക് സർക്കാർ ആസാദി മാർച്ചിനെ പേടിക്കുന്നുവെന്നാണ്
നേതാക്കൾക്കെതിരായ നടപടി സൂചിപ്പിക്കുന്നതെന്ന് പി.ടി.ഐ നേതാവ് ചൗധരി ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു. ഇസ്‍ലാമാബാദിൽ ഹദീഖി ആസാദി മാർച്ച് നടത്താനാണ് ഇംറാൻ ആഹ്വാനം ചെയ്തത്.
പ്രഖ്യാപനത്തിന് ശേഷം, തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിലവിലെ കലുഷിത സാഹചര്യത്തിൽ നിന്ന് പാകിസ്താനെ കരകയറ്റാൻ പൊതു തെരഞ്ഞെടുപ്പ് അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഇംറാൻ ഖാൻ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.