വെടിവെച്ചത് ആരെന്നറിയാം; പിന്നീട് പറയാമെന്ന് ഇംറാൻ
text_fieldsഇസ്‌ലാമാബാദ്: തനിക്കെതിരായ ആക്രമണമുണ്ടാകുമെന്ന് റാലി തുടങ്ങുന്നതിന് മുമ്പ് തന്നെ അറിയാമായിരുന്നുവെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു.
വെടിയേറ്റതിന് ശേഷം ആദ്യമായി ആശുപത്രിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വെടിയുണ്ട തന്റെ ദേഹത്ത് പതിച്ചു.
ആക്രമണത്തിന് പിന്നിലുള്ളവരെയും അറിയാം. എല്ലാം പിന്നീട് പറയാം. തന്റെ പാർട്ടി സാധാരണക്കാരുടേതാണ്. 22 വർഷമായി താൻ വെല്ലുവിളികളെ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ആഭ്യന്തര മന്ത്രി, മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എന്നിവരുടെ നിർദേശപ്രകാരമാണ് വധശ്രമമുണ്ടായതെന്ന് ഇംറാൻ കരുതുന്നതായി പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ഇംറാൻ ഖാൻ പറഞ്ഞതായി പാർട്ടി നേതാക്കൾ അറിയിച്ചു. ഇത് ദൈവംതന്ന രണ്ടാം ജന്മമാണെന്നായിരുന്നു വെടിയേറ്റ ശേഷം ഇംറാന്റെ ആദ്യ പ്രതികരണം.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നേതാക്കൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ലോങ് മാർച്ചിനിടെയാണ് വസീറാബാദിൽ ഇംറാൻ ഖാനുനേരെ വെടിവെപ്പുണ്ടായത്.
പാർട്ടി പ്രവർത്തകൻ അക്രമിയുടെ കൈപിടിച്ചതിനെ തുടർന്നാണ് അദ്ദേഹം അൽപവ്യത്യാസത്തിന് രക്ഷപ്പെട്ടത്. വലത് കണങ്കാലിലും തുടയിലും വെടിയേറ്റ ഇംറാൻ ചികിത്സയിലാണ്. അതിനിടെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെച്ച നവീദ് മുഹമ്മദ് ബഷീറിനെ ഇംറാന്റെ അനുയായികൾ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാൾക്ക് 20,000 പാക് രൂപക്ക് തോക്ക് വിറ്റ വഖാസ്, സാജിദ് ഭട്ട് എന്നിവരാണ് വെള്ളിയാഴ്ച പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.