തെരുവിലിറങ്ങാൻ ആവശ്യപ്പെട്ട് ഇംറാൻ ഖാൻ; അറസ്റ്റ് പ്രതീക്ഷിച്ചത്, പോരാട്ടം നാടിന് വേണ്ടി
text_fieldsഇസ്ലാമാബാദ്: അറസ്റ്റ് വരിക്കുന്നതിനുമുമ്പ് റെക്കോഡ് ചെയ്ത വിഡിയോ സന്ദേശത്തിൽ മുൻ പാക് പ്രധാനമന്ത്രിയും പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ അനുയായികളോട് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ ആവശ്യപ്പെട്ടു. ‘‘എനിക്ക് നിങ്ങളോട് ഒരേയൊരു അഭ്യർഥനയേ ഉള്ളൂ. നിങ്ങൾ നിശ്ശബ്ദമായി വീട്ടിലിരിക്കരുത്. ഞാൻ സമരം ചെയ്യുന്നത് എനിക്കു വേണ്ടിയല്ല. എന്റെ രാജ്യത്തിനു വേണ്ടിയാണ്, നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ്. അവകാശങ്ങൾക്കുവേണ്ടി എഴുന്നേറ്റുനിന്നില്ലെങ്കിൽ നിങ്ങൾ അടിമജീവിതം ജീവിക്കും. അടിമകൾക്ക് ജീവിതമേയില്ല’’ -സമൂഹ മാധ്യമത്തിലൂടെ ഇംറാൻ പറഞ്ഞു.
അറസ്റ്റ് താൻ പ്രതീക്ഷിച്ചതാണെന്നും ഇത് ലണ്ടൻ പദ്ധതിയുടെ പൂർത്തീകരണമാണെന്നും സൈനിക മേധാവി അസിം മുനീറും മുൻ പ്രധാനമന്ത്രി നവാസ് ശരീഫും ലണ്ടനിൽ ഗൂഢാലോചന നടത്തിയെന്നു സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇംറാന് സ്വന്തം ഭാഗം വിവരിക്കാൻ അവസരം നൽകാത്ത ‘കങ്കാരു കോടതി’യുടെ വിധിയാണെന്നും നീതി ലഭിക്കാൻ മേൽക്കോടതിയെ സമീപിക്കുമെന്നും ഇംറാന്റെ അഭിഭാഷകൻ ഇൻതസർ ഹുസൈൻ പൻജുത മാധ്യമങ്ങളോട് പറഞ്ഞു.
ഇംറാന്റെ സത്യസന്ധതയില്ലായ്മ സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ ന്യായാധിപൻ ഹുമയൂൺ ദിലാവർ, അദ്ദേഹത്തെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും ഉത്തരവിട്ടു. 15 മിനിറ്റിനകം പൊലീസ് വാഹനങ്ങൾ ഇംറാന്റെ വസതിയിലേക്ക് പാഞ്ഞു. കോടതിക്കു പുറത്ത് സർക്കാർ അനുകൂലികൾ ‘ഖാൻ, നിങ്ങളുടെ ഷോ കഴിഞ്ഞു’ എന്നുതുടങ്ങിയ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
ഇംറാന്റെ വ്യക്തിപ്രഭാവം ജനങ്ങളെ ആകർഷിക്കാൻ പര്യാപ്തമാണ്. അതേസമയം, അദ്ദേഹം റാവൽപിണ്ടിയിലെ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ പാർട്ടിക്ക് പ്രതിഷേധങ്ങൾ എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് കണ്ടറിയണം. പാർട്ടിയിലെ മുൻനിര നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. പല നേതാക്കളും പാർട്ടി വിട്ടു. ചിലർ വേറെ പാർട്ടിയുണ്ടാക്കി. അഞ്ചു വർഷത്തേക്ക് ഇംറാന് രാഷ്ട്രീയത്തിൽനിന്ന് വിലക്കേർപ്പെടുത്തിയത് അദ്ദേഹത്തെ പൂർണമായി ഒതുക്കാൻ ലക്ഷ്യമിട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.