അവിശ്വാസ വോട്ടെടുപ്പിനു മിനുറ്റുകൾക്കു മുമ്പേ ഔദ്യോഗിക വസതി ഒഴിഞ്ഞ് ഇംറാൻ
text_fieldsഇസ്‍ലാമാബാദ്: ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തിൽ പരാജയം ഉറപ്പിച്ച ഇംറാൻ ഖാൻ, വോട്ടെടുപ്പ് ഫലം വരുന്നതിനു മുമ്പേ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ മുതർന്ന നേതാവ് ഫൈസൽ ജാവേദ് ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാക് സർക്കാറിനെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാകാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനു പിന്നാലെ മുതിർന്ന അംഗം അയാസ് സാദിഖ് അസംബ്ലിയുടെ ഭരണം ഏറ്റെടുത്തതോടെ തന്നെ ഇംറാന്‍റെ പതനം അടുത്തിരുന്നു. വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇംറാൻ വസതി ഒഴിയുന്നത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ഇംറാൻ ഖാൻ പുറത്തുപോകുന്നത് ഞാൻ കണ്ടു. സന്തോഷത്തോടെ, തലഉയർത്തിതന്നെയാണ് അദ്ദേഹം പോയത്. ഒരു പാകിസ്താനി എന്ന നിലയിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹത്തെ പോലൊരു നേതാവുണ്ടായത് അനുഗ്രഹമാണെന്നും ഫൈസൽ ജാവേദ് ഖാൻ ട്വിറ്ററിൽ കുറിച്ചു. ഔദ്യോഗിക വസതിയിൽനിന്ന് ഇംറാൻ നേരെ പോയത് ബാനിഗാലയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്കാണെന്ന് എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇംറാൻ ഖാൻ വീട്ടുതടങ്കലിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നാഷനൽ അസംബ്ലിയിൽ ഞായറാഴ്ച പുലർച്ചെ ഒരുമണിക്കാണ് അവിശ്വാസ വോട്ടെടുപ്പ് നടന്നത്. 342 അംഗ പാർലമെന്റിൽ 174 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഇംറാൻ അനുകൂലികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.