ഇമ്രാൻ ഖാന്റെ അറസ്റ്റ്: പ്രക്ഷോഭം ശക്തമാക്കുമെന്ന് പി.ടി.ഐ
text_fieldsഇസ്ലാമാബാദ്: ചൊവ്വാഴ്ച അറസ്റ്റിലായ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമാക്കുമെന്ന് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) നേതാക്കൾ അറിയിച്ചു. പാർട്ടി ആഹ്വാന പ്രകാരം രാവിലെ 8 മണിക്ക് ഇസ്ലാമാബാദ് ജുഡീഷ്യൽ കോംപ്ലക്‌സിൽ പ്രവർത്തകർ ഒത്തുകൂടി. രാജ്യത്തിലുടനീളം പ്രതിഷേധങ്ങളും ഉപവാസങ്ങളും സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു.
അതേസമയം, പാർട്ടി ചെയർമാൻ ഇമ്രാൻ ഖാന്റെ അറസ്റ്റ് ഇസ്ലാമാബാദ് ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്ത് പാർട്ടി ഇന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പി.ടി.ഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധി ആശ്ചര്യകരമാണെന്ന് ഫവാദ് ചൗധരി പറഞ്ഞു.
രണ്ടു കേസുകളിൽ ഹാജരാകാൻ ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈകോടതിയിലെത്തിയപ്പോൾ മറ്റൊരു കേസിന്റെ പേരിലായിരുന്നു അറസ്റ്റ്. അർധ സൈനിക വിഭാഗമായ പാകിസ്താൻ റേഞ്ചേഴ്സ് കോടതി വളപ്പിൽ ഇംറാനെ വളയുകയായിരുന്നു.
ഇംറാന്റെയും കുടുംബത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റിന് കോടികൾ വിലയുള്ള സർക്കാർ ഭൂമി കൈമാറിയെന്ന കേസിലാണ് അറസ്റ്റ്. പഞ്ചാബിലെ ഝലം ജില്ലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അൽഖാദിർ ട്രസ്റ്റിന് ഭൂമി കൈമാറിയ ഇനത്തിൽ ദേശീയ ഖജനാവിന് ശതകോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.