കമല ഹാരിസ് ഹിന്ദുക്കളെ അവഗണിക്കുന്നു; ദീപാവലി സന്ദേശത്തിൽ ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. ദീപാവലി സന്ദേശത്തിലാണ് ബംഗ്ലാദേശിൽ ശൈഖ് ഹസീന സർക്കാറിന്റെ പതനത്തിന് ശേഷം ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ട്രംപ് അപലപിച്ചത്. ''ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി വിമർശിക്കുന്നു. ഹിന്ദു, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ഒരുകൂട്ടം ആളുകൾ അക്രമം അഴിച്ചുവിടുകയാണ്. എന്റെ ഭരണത്തിൽ അതൊരിക്കലും സംഭവിക്കില്ല.''-എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
ബംഗ്ലാദേശ് വിഷയത്തിൽ ആദ്യമായാണ് ട്രംപ് പ്രതികരിക്കുന്നത്.
അമേരിക്കയിലടക്കം ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസും അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇസ്രായേൽ, യുക്രെയ്ൻ വിഷയങ്ങളിലും നമ്മുടെ തെക്കൻ അതിർത്തികളിലും അവർ വലിയ അബദ്ധമാണ്. എന്നാൽ ഞങ്ങൾ അമേരിക്കയെ വീണ്ടും കരുത്തരാക്കും. അവിടെ സമാധാനവും ശക്തിയും തിരിച്ചുകൊണ്ടുവരും.-ട്രംപ് തുടർന്നു.
ഇന്ത്യക്കാർക്കും ട്രംപ് പ്രത്യേക ദീപാവലി ആശംസകൾ നേർന്നു. നരേന്ദ്രമോദി സർക്കാറിന്റെ കാലത്ത് ഇന്ത്യയും യു.എസുമായുള്ള ബന്ധം വളരെ മെച്ചപ്പെട്ടു. തന്റെ ഭരണകാലത്ത് തന്നെ തുടങ്ങിയതാണ് ഈ ബന്ധം മെച്ചപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ അടുത്ത സുഹൃത്താണ്. എല്ലാവർക്കും ദീപാവലി ആശംസകൾ.-ട്രംപ് പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനാണ് പ്രക്ഷോഭത്തെ തുടർന്ന് 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിൽ അഭയം തേടിയത്. അതിനു പിന്നാലെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ അക്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.രാജ്യത്തെ ആകെ ജനസംഖ്യയുടെ എട്ടുശതമാനം മാത്രമാണ് ഹിന്ദുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.