ഇസ്രായേൽ പാർലമെന്റ് അംഗം രാജിവെച്ചു, ബെന്നറ്റ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി
text_fieldsജറൂസലം: ആരോഗ്യമന്ത്രിയുമായുള്ള ഭിന്നതയെതുടർന്ന് ഇസ്രായേൽ ഭരണസഖ്യത്തിൽനിന്ന് വനിത പാർലമെൻറ് അംഗം ബുധനാഴ്ച രാജിവെച്ചു. ഇതോടെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ സർക്കാറിന് ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി. സഖ്യകക്ഷി ചെയർമാനും ബെന്നറ്റിന്റെ യാമിന പാർട്ടി അംഗവുമായ ഇഡിത് സിൽമാൻ ആണ് രാജിവെച്ചത്.
120 അംഗങ്ങളുള്ള നെസറ്റിൽ ബെന്നറ്റിന്റെ എട്ടു രാഷ്ട്രീയ പാർട്ടികളുടെ സഖ്യത്തിനും പ്രതിപക്ഷത്തിനും ഇപ്പോൾ 60 അംഗങ്ങൾ വീതമായി. സർക്കാർ അധികാരമേറ്റ് ഒരു വർഷത്തിനിടെ പുതിയ തെരഞ്ഞെടുപ്പിനുള്ള സാധ്യത കൂട്ടുന്നതാണ് രാജി. ജൂത മതപരമായി പ്രാധാന്യമുള്ള പുളിപ്പിച്ച ധാന്യ ഉൽപന്നങ്ങൾ ആശുപത്രികളിലേക്ക് അനുവദിക്കുന്നതിനെച്ചൊല്ലി ആരോഗ്യമന്ത്രി നിറ്റ്സൻ ഹൊറോവിറ്റ്സുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിയിൽ കലാശിച്ചത്.
അവിശ്വാസ വോട്ടെടുപ്പിനും മൂന്നു വർഷത്തിനിടെ അഞ്ചാം തവണയും രാജ്യത്തെ തെരഞ്ഞെടുപ്പിലേക്ക് അയക്കാനും പ്രതിപക്ഷത്തിന് മതിയായ പിന്തുണ ലഭിക്കുമോ എന്നത് വ്യക്തമല്ല. സിൽമാന്റെ രാജി സർക്കാറിനെ താഴെയിറക്കിയില്ലെങ്കിലും രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്ന് ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്ടാങ്ക് പ്രസിഡന്റ് യോഹന്നാൻ പ്ലെസ്നർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.