ഇറ്റലിയിൽ ആസ്ട്രസെനക വാക്സിൻ ഇനി 60 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം
text_fieldsറോം: ഓകസ്ഫോഡിൻെറ ആസ്ട്രസെനക വാക്സിൻ 60 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഇറ്റാലിയൻ അധികൃതർ അറിയിച്ചു. നിലവിൽ ഒരു ഡോസ് ആസ്ട്രസെനക എടുത്ത ചെറുപ്പക്കാരിൽ രണ്ടാമത്തെ ഡോസ് എം.ആർ.എൻ.എ അധിഷ്ഠിത മറ്റു വാക്സിനുകൾ നൽകും.
ഇറ്റലിയിലെ കൊറോണ വൈറസ് അണുബാധ നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് ഈ മാറ്റം. കേസുകൾ കുറഞ്ഞതിനാൽ അടുത്തയാഴ്ച മുതൽ രാജ്യത്തിൻെറ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ നീക്കും.
ഏപ്രിലിൽ യൂറോപ്യൻ യൂനിയൻെറ മെഡിസിൻ ഏജൻസി, ആസ്ട്രസെനക ഉപയോഗിക്കുന്നവരിൽ അത്യപൂർവമായി രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വാക്സിൻെറ അപകട സാധ്യതകളേക്കാൾ അവയുടെ പ്രയോജനങ്ങൾ കാരണം ഇവ ഉപയോഗിക്കാൻ നിർദേശിച്ചു.
ഇറ്റാലിയൻ സർക്കാറിൻെറ സാങ്കേതിക ശാസ്ത്ര സമിതിയുടെ (സി.ടി.എസ്) നിർദേശപ്രകാരമാണ് ആരോഗ്യ മന്ത്രാലയം ആസ്ട്രസെനക വാക്സിൻ 60ന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം നൽകിയാൽ മതിയെന്ന് അറിയിച്ചത്. പരമാവധി ജാഗ്രത പുലർത്തുക എന്ന തത്വത്തിൻെറ അടിസ്ഥാനത്തിലാണിത്.
ആസ്‌ട്രസെനകയുടെ ആദ്യ ഡോസ് ഇതിനകം ലഭിച്ച 60 വയസ്സിന് താഴെയുള്ളവർക്ക്, എട്ട് മുതൽ 12 ആഴ്ചകൾക്കുശേഷം ഫൈസർ, മോഡേണ പോലുള്ള എം.ആർ.എൻ.എ അധിഷ്ഠിത വാക്സിൻ എടുക്കാവുന്നതാണ്.
ആരോഗ്യപരമായ ആശങ്കകളെത്തുടർന്ന് മാർച്ചിൽ ഇറ്റലി ആസ്ട്രസെനക വാക്സിൻ തടഞ്ഞിരുന്നു. എന്നാൽ, യൂറോപ്യൻ യൂനിയൻെറ മെഡിസിൻസ് ഏജൻസി പച്ചക്കൊടി നൽകിയശേഷം 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ തുടങ്ങി.
60 വയസ്സിന് മുകളിലുള്ളവർക്ക് അസ്ട്രസെനകയായിരുന്നു മുൻഗണന നൽകിയിരുന്നത്. എന്നാൽ, നിരവധി ചെറുപ്പക്കാരും ഇത് ഉപയോഗിച്ചു.
ഇറ്റലി ഇതുവരെ 41 ദശലക്ഷം വാക്സിനുകൾ നൽകിയിട്ടുണ്ട്. 60 ദശലക്ഷം ജനസംഖ്യയിൽ 14 ദശലക്ഷം ആളുകൾക്ക് പൂർണമായും പ്രതിരോധ കുത്തിവെപ്പ് ലഭിച്ചതായും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച മുതൽ മിലാനിലും റോമിലും സമീപ സ്ഥലങ്ങളിലും ഉൾപ്പെടെ 40 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശങ്ങളിലെ നിയന്ത്രണങ്ങളെ ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള 'വൈറ്റ്' സോണിലേക്ക് മാറ്റും. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ ഒഴികെ മിക്ക കൊറോണ വൈറസ് നിയന്ത്രണങ്ങളും ലഘൂകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.