മ്യാൻമറിൽ പട്ടാളഭരണകൂടം സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി
text_fieldsയാംഗോൻ: അനധികൃതമായി സ്വർണവും അരലക്ഷത്തിലധികം ഡോളറും സ്വീകരിച്ചെന്ന് ആരോപിച്ച് മ്യാൻമറിലെ പട്ടാള ഭരണകൂടം സിവിലിയൻ നേതാവ് ഓങ് സാൻ സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം കസ്റ്റഡിയിലെടുത്ത സൂചിക്കെതിരെ രാജ്യദ്രോഹവും കൊളോണിയൽ കാലഘട്ടത്തിലെ രഹസ്യ നിയമം ലംഘിച്ചതുമടക്കം നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ചും ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
സൂചി 600,000 ഡോളർ പണവും 11 കിലോഗ്രാം സ്വർണവും അനധികൃതമായി സ്വീകരിച്ചുവെന്നാണ് പുതിയ ആരോപണം. സൂചി തൻെറ പദവി ഉപയോഗിച്ച് അഴിമതി നടത്തിയെന്നതിന് അഴിമതി വിരുദ്ധ കമീഷൻ തെളിവുകൾ കണ്ടെത്തിയതായി സർക്കാർ പത്രമായ ഗ്ലോബൽ ന്യൂ ലൈറ്റ് ഓഫ് മ്യാൻമർ റിപ്പോർട്ട് ചെയ്യുന്നു. അഴിമതി വിരുദ്ധ നിയമ വകുപ്പ് 55 പ്രകാരമാണ് അവർക്കെതിരെ കേസെടുത്തത്.
കൂടാതെ ചാരിറ്റബിൾ ഫൗണ്ടേഷന് വേണ്ടി രണ്ട് സ്ഥലങ്ങൾ വാടകക്ക് എടുക്കുന്നതിലും സ്റ്റേറ്റ് കൗൺസലർ ഓഫ് മ്യാൻമർ എന്ന അവരുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.
സൂചിക്കെതിരെ നേരത്തെ ചുമത്തിയ കേസുകളിൽ വിചാരണകൾ അടുത്തയാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നും ലൈസൻസില്ലാത്ത വാക്കി-ടോക്കികൾ കൈവശം െവച്ചുവെന്നുമുള്ള കേസിൽ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. പുറത്താക്കപ്പെട്ട പ്രസിഡൻറ് വിൻ മൈൻറിനൊപ്പം നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) പാർട്ടിയിലെ മറ്റൊരു മുതിർന്ന അംഗത്തോടൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൻെറ വിചാരണ ജൂൺ 15നും തുടങ്ങും.
അതേസമയം, അഴിമതി ആരോപണം അസംബന്ധമാണെന്ന് സൂചിയുടെ അഭിഭാഷ ഖിൻ മങ് സാ പറയുന്നു. 'സൂചിയെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്താനും അവരുടെ പ്രശസ്തി ഇല്ലാതാക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇപ്പോൾ ചുമത്തിയ വകുപ്പുകൾ കാരണം അവരെ നീണ്ടകാലം ജയിലിലടക്കാൻ സാധിക്കും.
എൻ.എൽ.ഡിയെ പിരിച്ചുവിടാനാണ് സൈനിക ഭരണകൂടം ശ്രമിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. എന്നാൽ, അതിൽ സൂചിക്കോ എൻ.എൽ.ഡിക്കോ മത്സരിക്കാനാകില്ല. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് പ്രഹസനം മാത്രമാകും'-' -അഭിഭാഷക കൂട്ടിച്ചേർത്തു.
അതേസമയം, ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ച സൈന്യത്തിനെതിരെ മ്യാൻമറിൽ പ്രതിഷേധം തുടരുകയാണ്. സൈന്യം പ്രതിഷേധക്കാരെ തോക്കുകൊണ്ടാണ് നേരിടുന്നത്. ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ച ശേഷം ഇതുവരെ സൈനിക നടപടികളിൽ 845 നാട്ടുകാർ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.