പാകിസ്താനിൽ ഇംറാൻ ഖാന്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ മൂന്ന് സീറ്റുകളിൽ വിജയിച്ചതായി പ്രഖ്യാപനം
text_fields
ഇസ്‍ലാമാബാദ്: വ്യാഴാഴ്ച വൈകുന്നേരം പാകിസ്താനിൽ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും വോട്ടെണ്ണൽ തുടങ്ങി ഫലം പ്രഖ്യാപിക്കാത്തത് ആശങ്ക സൃഷ്ടിച്ചു. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പി.എം.എൽ-എൻ), പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) എന്നീ മൂന്ന് പ്രധാന പാർട്ടികളാണ് മുഖ്യ കക്ഷികൾ. അതിനിടെ, വെള്ളിയാഴ്ച പുലർച്ചെ വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങൾ പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്‌പെഷൽ സെക്രട്ടറി സഫർ ഇഖ്ബാൽ പുറത്തുവിട്ടു. മുൻ പ്രസിഡന്റ് ഇംറാൻ ഖാന്റെ പി.ടി.ഐ (പാകിസ്താൻ തഹ്‍രീകെ ഇൻസാഫ്) പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുല്ല ഖാൻ, കൈബർ പഖ്തൂൺഖ്വ (കെ.പി.കെ) പ്രവിശ്യ അസംബ്ലിയിലെ സീറ്റിൽ 18,000ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. പി.ടി.ഐയുടെ തന്നെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ഫസൽ ഹക്കീം ഖാൻ 25,330 വോട്ടുകൾ നേടി വിജയിച്ചതായും അദ്ദേഹം പറഞ്ഞു. സ്വാത്ത് പികെ-4 മണ്ഡലത്തിൽ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി അലി ഷാ വിജയിച്ചു. 30,022 വോട്ടുകളാണ് അദ്ദേഹം നേടിയത്. നവാസ് ഷെരീഫിന്റെ പാർട്ടിക്ക് കാര്യമായ ചലനം സൃഷ്ടിച്ചതായി റിപ്പോർട്ടില്ല.
ഫലം വൈകിയതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികൾ പരാതി ഉയർത്തിയിരുന്നു. റിട്ടേണിംഗ് ഓഫീസർമാർ ഫലങ്ങൾ സമാഹരിക്കുന്നതിനാലാണ് വൈകാനിടയായതെന്ന് സഫർ ഇഖ്ബാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇലക്ഷൻ കമീഷൻ ഫലങ്ങളിൽ കൃത്രിമം കാണിക്കുന്നുവെന്ന പി.ടി.ഐയുടെ വാദവും അദ്ദേഹം തള്ളി.
അതിനിടെ, തന്റെ പാർട്ടി 150 ദേശീയ അസംബ്ലി സീറ്റുകളിൽ വിജയിച്ചതായും പഞ്ചാബിലും കെ.പി.കെയിലും സർക്കാറുകൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും പി.ടി.ഐ ചെയർമാൻ ബാരിസ്റ്റർ ഗോഹർ ഖാൻ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.