ശ്രീലങ്കയിൽ പെട്രോളിനായി വരിനിന്ന് തളർന്നുവീണ രണ്ടു പേർ മരിച്ചു; കടലാസും മഷിയുമില്ലാത്തതിനാൽ പരീക്ഷ മാറ്റി
text_fieldsശ്രീലങ്കയിൽ പെട്രോളിനും മണ്ണെണ്ണക്കുമായി വരി നിന്ന് തളർന്നു വീണ രണ്ട് വയോധികർ മരിച്ചു. 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുള്ള മറ്റൊരാളുമാണ് രണ്ട് സ്ഥലങ്ങളിലായി മരിച്ചതെന്ന് പൊലീസ് വക്താവ് നലിൻ തൽഡുവ പറഞ്ഞു.
വിദേശനാണ്യശേഖരം കുത്തനെ കുറഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധി മൂലം ഇന്ധനം ദുർലഭമായ സാഹചര്യത്തിൽ നാല് ആഴ്ചകളായി പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട വരി പതിവാണ്. അസംസ്കൃത എണ്ണ തീർന്നതിനെ തുടർന്ന് ലങ്കയിലെ ഏക സംസ്കരണശാല ഇന്നലെ അടച്ചിട്ടു. 275 ശ്രീലങ്കൻ രൂപയാണ് നിലവിൽ ഡോളറുമായുള്ള വിനിമയ നിരക്ക്.
കടലാസും അച്ചടി മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാത്തതിനാൽ 28നു തുടങ്ങാനിരുന്ന 9,10,11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകൾ മാറ്റിയിട്ടുണ്ട്.
പാചകവാതക വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യൻ രൂപ) കൂട്ടിയത്. ഇതേ തുടർന്ന് ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങുന്നുണ്ട്. അഞ്ച് മണിക്കൂർ വരെ നീളുന്ന പവർകട്ട് മൂലം ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും ഇന്ധന ആവശ്യം വർധിപ്പിച്ചിട്ടുണ്ട്.
വിദേശനാണ്യശേഖരം കുറഞ്ഞതുമൂലം ജനുവരിയിലാണ് പ്രതിസന്ധി തുടങ്ങിയത്. ഫെബ്രുവരിയിൽ 15.1 ശതമാനമായി നാണ്യപ്പെരുപ്പം ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ മാത്രം വിലക്കയറ്റം 25.7 ശതമാനമാണ്. ശ്രീലങ്കൻ രൂപയുടെ മൂല്യം 30 ശതമാനം കുറഞ്ഞാണ് ഡോളറിന് 275 രൂപ നൽകേണ്ട അവസ്ഥയിലെത്തിയത്.
400 ഗ്രാം പാൽപൊടിക്ക് 250 ശ്രീലങ്കൻ രൂപയാണ് വർധിച്ചത്. ഒരു കപ്പ് ചായയ്ക്ക് 100 രൂപയാണ് ഇപ്പോൾ റസ്റ്ററന്റുകളിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.