പനിയുള്ളവരെ കണ്ടെത്തി തടയും ദക്ഷിണ കൊറിയയിലെ സ്മാർട്ട് ബസ് ഷെൽട്ടറുകൾ
text_fieldsസിയോൾ: കോവിഡിനെ പിടിച്ചുകെട്ടാൻ പതിനെട്ടടവും പയറ്റുകയാണ് ദക്ഷിണ കൊറിയ. ചൈനക്ക് പുറത്തേക്ക് കോവിഡ് വ്യാപിച്ച ആദ്യ ഘട്ടത്തിൽ കൂടുതൽ രോഗികളുണ്ടായിരുന്ന രാജ്യങ്ങളിലൊന്നാണ് കൊറിയ. എന്നാൽ, പിന്നീട് രോഗികളുടെ എണ്ണം നിയന്ത്രിച്ച് നിർത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
ശൈത്യകാലത്തിന് മുമ്പേ കോവിഡിനെ തളക്കുകയാണ് ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നത്. പാതയോരങ്ങളിൽ സ്മാർട്ട് ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കുകയാണ് കോവിഡ് പോരാട്ടത്തിൽ ഏറ്റവും ഒടുവിലായി കൊറിയ ചെയ്തിരിക്കുന്നത്. പനിയുള്ളവരെ സ്വയം കണ്ടെത്തി അകത്തേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ഈ ബസ് ഷെൽട്ടറുകൾ ചെയ്യുക.
ഷെൽട്ടറുകളിൽ സ്ഥാപിച്ച തെർമൽ കാമറകൾ ഉപയോഗിച്ചാണ് താപനില പരിശോധിച്ച് പനിയുള്ളവരെ തടയുന്നത്. സിയോളിലെ സിയോങ്ഡോങ് ജില്ലയിലുടനീളം ഇത്തരം ബസ് ഷെൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. പനിയുള്ളവരെ തടയുക മാത്രമല്ല ഇവ ചെയ്യുന്നത്. അകത്തുകടക്കുന്നവരെ അൾട്രാവയലറ്റ് സ്റ്റെറിലൈസറുകൾ ഉപയോഗിച്ച് അണുവിമുക്തരാക്കും. എ.സി, ഫ്രീ വൈഫൈ, ചാർജിങ് സൗകര്യം തുടങ്ങിയവയും ഇതിലുണ്ട്.
നിലവിലെ സാഹചര്യം അത്രയെളുപ്പം വിട്ടുപോകില്ലെന്നും അതിന്‍റെ കൂടെ ജീവിക്കേണ്ടിവരുമെന്നതിനാലുമാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതെന്നും ജില്ല അധികൃതർ പറയുന്നു.
കോവിഡിനെതിരെ ഏറ്റവും ഫലപ്രദമായി പൊരുതിയ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ദക്ഷിണ കൊറിയ. 5.16 കോടി ജനങ്ങളുള്ള ഇവിടെ 14,770 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 305 മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.