ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തെ പൊലീസുകാരൻ പരിഹസിച്ച സംഭവം; ക്ഷമാപണവുമായി മേയർ
text_fieldsവാഷിങ്ടൺ ഡി.സി: "അവൾക്ക് അത്ര വിലയേ ഉള്ളൂ...'' ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ ചിരിച്ചുകൊണ്ട് യു.എസ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾക്ക് ക്ഷമാപണവുമായി സിയാറ്റിൽ മേയർ ബ്രൂസ് ഹാരെൽ. 23കാരിയായ ഇന്ത്യൻ വിദ്യാർഥിനി ജാഹ്‌നവി കണ്ടുലയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരാമർശമാണ് വ്യാപക വിമർശനമേറ്റുവാങ്ങിയത്. തുടർന്നാണ് മേയർ ക്ഷമാപണവുമായി രംഗത്തെത്തിയത്.
നടന്ന സംഭവത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു വീഴ്ച ഉണ്ടാകാൻ പാടില്ലായിരുന്നെന്നും മേയർ പറഞ്ഞു. ജാഹ്‌നവിയുടെ മരണത്തെ നിർവികാരമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പരാമർശിക്കുന്നതിന്‍റെയും ചിരിക്കുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ചർച്ചകളുടെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തിലാണ് മേയറുടെ ക്ഷമാപണം.
കഴിഞ്ഞ ജനുവരിയിലാണ് ആന്ധ്രാപ്രദേശ് സ്വദേശിയും ഈസ്റ്റ് യൂണിവേഴ്‌സിറ്റി ബിരുദധാരിയായ ജാഹ്‌നവി കണ്ടുല റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സിയാറ്റിൽ പൊലീസിന്‍റെ വാഹനം ഇടിച്ച് മരിച്ചത്. സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. ജാഹ്‌നവിയുടെ മരണത്തിൽ സിയാറ്റിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.