പാക് തെരഞ്ഞെടുപ്പ്: ഇംറാൻ ഖാന്റെ പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാർഥികൾ മുന്നേറ്റം തുടരുന്നു
text_fields
ഇസ്‍ലാമാബാദ്: പാകിസ്താനിൽ വോട്ടെടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാന്റെ പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാർഥികൾ മുന്നേറ്റം തുടരുകയാണെന്ന് റിപ്പോർട്ട്. 103 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 41 സീറ്റുകളിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) പിന്തുണക്കുന്ന സ്ഥാനാർഥികൾ വിജയിച്ചതായി പാകിസ്താൻ ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചു.
തൊട്ടു പിന്നാലെ നവാസ് ശരീഫിന്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പി.എം.എൽ-എൻ) 29 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. ബിലാവൽ ഭൂട്ടോയീടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും (പി.പി.പി) 27 സീറ്റുകളിൽ വിജയക്കൊടി പാറിച്ചു. മറ്റുള്ളവർ നാലു സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. 336 അംഗ ദേശീയ അസംബ്ലിയിലെ 266 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവശേഷിക്കുന്ന 70 എണ്ണം സംവരണ സീറ്റുകളാണ്. അതിൽ 60 എണ്ണം വനിതകൾക്കും 10 എണ്ണം അമുസ്‍ലിംകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 133 സീറ്റുകളാണ് വേണ്ടത്.
പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുല്ല ഖാൻ, ഖൈബർ പഖ്തൂൺഖ്വ (കെ.പി.കെ) സീറ്റിലും പി.ടി.ഐയുടെ തന്നെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ഫസൽ ഹക്കീം ഖാൻ, അലി ഷാ എന്നിവരും വിജയിച്ചതായി ഇലക്ഷൻ കമീഷൻ സ്പെഷൽ സെക്രട്ടറി സഫർ ഇഖ്ബാൽ നേരത്തേ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.