ഇന്ത്യയെ സൈബർ ഭീഷണി രാജ്യ പട്ടികയിൽപെടുത്തി കാനഡ; അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന് കേന്ദ്രം
text_fieldsഓട്ടവ: ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധം വഷളായതിനിടെ സർക്കാർ പിന്തുണയോടെ രാജ്യത്ത് ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യയെ സൈബർ ഭീഷണി പട്ടികയിൽപെടുത്തി കാനഡ. ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നിവരുള്ള പട്ടികയിൽ ഇന്ത്യയെ അഞ്ചാമതായി ചേർത്താണ് 2025-2026ലെ ദേശീയ സൈബർ ഭീഷണി നിർണയ റിപ്പോർട്ട് പുറത്തുവിട്ടത്.
ചാരപ്പണി ലക്ഷ്യമിട്ട് കാനഡ സർക്കാർ ശൃംഖലകളിൽ ഇന്ത്യൻ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നവർ സൈബർ ഭീഷണി ഉയർത്തുകയാണെന്ന് റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള കാനഡയുടെ തന്ത്രമാണിതെന്ന് ഇന്ത്യ പ്രതികരിച്ചു. നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. ‘അസംബന്ധവും അടിസ്ഥാനരഹിതവുമായ’ ആരോപണങ്ങൾ ഉഭയകക്ഷി ബന്ധത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. കാനഡയുടെ ആക്ടിങ് ഡെപ്യൂട്ടി ഹൈക്കമീഷണർ ജെഫ്രി ഡീനിനെ വിളിച്ചുവരുത്തിയ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച പ്രതിഷേധക്കുറിപ്പ് കൈമാറി.
കനേഡിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണിന്റെ പ്രസ്താവനയാണ് എതിർപ്പിനിടയാക്കിയത്. ഖലിസ്ഥാൻ തീവ്രവാദികളെ ലക്ഷ്യമിട്ട് അക്രമം, ഭീഷണിപ്പെടുത്തൽ, രഹസ്യാന്വേഷണ വിവരശേഖരണമടക്കമുള്ള നടപടികൾക്ക് അമിത് ഷാ ഉത്തരവിട്ടതായി ദേശീയ സുരക്ഷ സമിതി സ്റ്റാൻഡിങ് കമ്മിറ്റിയെ മോറിസൺ അറിയിച്ചിരുന്നു. ‘വാഷിങ്ടണ്‍ പോസ്റ്റി’ലാണ് മോറിസണിന്റെ പരാമര്‍ശം സംബന്ധിച്ച വാർത്ത ആദ്യം വന്നത്. പത്രത്തിന് വിവരം നല്‍കിയത് താനാണെന്ന് മോറിസണ്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതിയിൽ പറഞ്ഞതും ഇന്ത്യയുടെ പ്രതിഷേധത്തിന് കാരണമായി.
ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ അപമാനിക്കാൻ ലക്ഷ്യമിട്ട് ഉന്നത കനേഡിയൻ ഉദ്യോഗസ്ഥർ തന്ത്രം മെനഞ്ഞുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ചോർത്തിനൽകുന്നതിലൂടെ ഇന്ത്യയെ ഇകഴ്ത്തുകയും മറ്റു രാജ്യങ്ങളെ സ്വാധീനിക്കുകയുമായിരുന്നു ലക്ഷ്യം. കനേഡിയൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടകളെപറ്റി ഇന്ത്യയുടെ ആശങ്കകളെ സാധൂകരിക്കുന്നതാണ് നീക്കങ്ങളെന്ന് ജയ്സ്വാൾ പറഞ്ഞു.
നേരത്തേ, ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഖലിസ്ഥാൻ അനുകൂല കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാറിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.