യുക്രെയ്ൻ പ്രതിസന്ധി; യു.എൻ രക്ഷാസമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു
text_fieldsയുക്രെയ്ൻ പ്രതിസന്ധി ചർച്ചചെയ്യാനുള്ള ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 10 രാജ്യങ്ങൾ ചർച്ചചെയ്യുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ രണ്ട് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. മൂന്ന് രാജ്യങ്ങൾ വിട്ടുനിന്നു.
ഇന്ത്യയെ കൂടാതെ ഗാബോൺ, കെനിയ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. യു.എസ്, യു.കെ, ഫ്രാൻസ്, യു.എ.ഇ, ഘാന, അൽബേനിയ, നോർവേ, ബ്രസീൽ, മെക്സിക്കോ, അയർലൻഡ് എന്നീ രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ റഷ്യയും ചൈനയുമാണ് എതിർത്തത്. അഞ്ച് സ്ഥിരാംഗങ്ങളും രണ്ടുവർഷത്തേക്ക് തിരഞ്ഞെടുക്കുന്ന 10 അംഗരാജ്യങ്ങളും ഉൾപ്പെടെ 15 രാജ്യങ്ങളാണ് യു.എൻ രക്ഷാസമിതിയിലുള്ളത്.
യുക്രെയ്ൻ അതിർത്തിയിൽ റഷ്യ വൻ സൈനികവിന്യാസം നടത്തുന്ന സാഹചര്യത്തിലാണ് യു.എൻ രക്ഷാസമിതി വിഷയം ചർച്ചചെയ്യണമെന്ന ആവശ്യമുയർന്നത്. തുടർന്ന് നടപടിക്രമ വോട്ടിന് റഷ്യ ആവശ്യപ്പെടുകയായിരുന്നു. ചർച്ചയുമായി മുന്നോട്ട് പോകാൻ ഒമ്പത് രാജ്യങ്ങളുടെ പിന്തുണയാണ് ആവശ്യമായിരുന്നത്.
സംഘർഷങ്ങൾ ഒഴിവാക്കേണ്ടതാണെന്നും നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രം ഇന്നത്തെ ആവശ്യമാണെന്നുമാണ് ഇന്ത്യ അഭിപ്രായപ്പെട്ടത്. യുക്രെയ്നിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
യുക്രെയ്നിന് മേൽ യു.എസ് പരിഭ്രാന്തി പടർത്തുകയാണെന്ന ആരോപണവുമായി റഷ്യ ഇതിന് പിന്നാലെ രംഗത്തെത്തി. യുക്രെയ്നെ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രക്ഷാസമിതിയിൽ യു.എസ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് റഷ്യയുടെ പ്രസ്താവന.
റഷ്യ ആക്രമിക്കാൻ വരുന്നെന്ന പരിഭ്രാന്തി സൃഷ്ടിക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു. അമേരിക്കൻ മാധ്യമങ്ങൾ ഈയിടെയായി യുക്രെയ്‌നിലും അതിനു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് യുക്രെയ്ൻ ജനതയിൽ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നു. ജനങ്ങൾ ബാഗുകൾ പാക്ക് ചെയ്യുന്ന അവസ്ഥവരെ സംഭവിക്കുകയാണ് -പെസ്കോവ് പറഞ്ഞു. യു.എസ് നൽകിയ റഷ്യൻ ആക്രമണ മുന്നറിയിപ്പിനോട് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദ്മിർ സെലൻസ്കിക്കുള്ള അഭിപ്രായഭിന്നതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.